‘നിലപാടുകളുടെ രാജകുമാരൻ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വി.ഡി. സതീശന്റെ ‘നില’ കുറച്ച് പാടാകുമെന്നാണ് തോന്നുന്നത്: എം എ ബേബി


‘നിലപാടുകളുടെ രാജകുമാരൻ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തൻ്റെ സുഹൃത്തായ വി.ഡി. സതീശൻ ചെയ്യുന്ന കാര്യങ്ങൾ കാണുമ്പോൾ നില കുറച്ച് പാടാകുമെന്നാണ് തോന്നുന്നതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. കോഴിക്കോട് സി പി ഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോ​ഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലതുപക്ഷ ശക്തികളുടെ ജനവിരുദ്ധതയുടെ നേട്ടത്തിൽ വളരാനല്ല ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ആഗ്രഹിക്കുന്നതെന്നും, തെറ്റുകൾ വരുന്നുണ്ടെങ്കിൽ ജനങ്ങൾക്കും മാധ്യമങ്ങൾക്കും ചൂണ്ടിക്കാണിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റുകൾ തിരുത്തി മുന്നോട്ടു പോവുകയാണ് തെളിമയുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ചെയ്യാറുള്ളതെന്നും ഇടതുപക്ഷത്തെ കൂടുതൽ കരുത്തുറ്റതാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാല് അംഗങ്ങളിൽ നിന്ന് ആരംഭിച്ച കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി വലിയൊരു ബഹുജന പ്രസ്ഥാനമായി വളർന്ന ചരിത്രമുണ്ടെന്ന് എം.എ. ബേബി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യുന്നതിനായി കമ്മിറ്റി ചേരുമ്പോൾ ഈ വളർച്ച കൂടി കാണാതെ പോകരുതെന്നും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഇടതുപക്ഷവും കേരളത്തിന് നൽകിയ സംഭാവനകൾ വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ചരിത്രം അറിയാത്തതുപോലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ജല്പനങ്ങൾ മാത്രമായി ചില മാധ്യമങ്ങൾ മാറുകയാണെന്നും കള്ള പ്രചരണങ്ങളിലൂടെ പാർട്ടിയെ തകർക്കാൻ എല്ലാ കാലത്തും ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇ.എം.എസ്. സർക്കാരിനെ പിരിച്ചുവിട്ടത് കേന്ദ്രത്തിൻ്റെ അമിതാധികാര പ്രവണത മൂലമായിരുന്നുവെന്നും ‘നെഹ്റുവിയൻ കോൺഗ്രസ്’ എന്ന് അവകാശപ്പെടുന്നവർ ഈ ചരിത്രം കൂടി ഓർമ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു. 1957-നേക്കാൾ കൂടുതൽ വോട്ട് നേടാൻ കഴിഞ്ഞിട്ടും 1960-ൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് സർക്കാരുണ്ടാക്കാൻ കഴിയാതെ പോയത് വലതുപക്ഷ ധ്രുവീകരണം മൂലമായിരുന്നു. 2026-ലും സിപിഐ(എം)-നെ ലക്ഷ്യമിട്ട് വ്യാജ പ്രതീതി നിർമ്മാണം നടന്നിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങളെ ചൂഷണങ്ങളിൽ നിന്ന് വിമോചിപ്പിക്കാനായിരുന്നു ഇ.എം.എസ്. സർക്കാരിൻ്റെ നടപടികളെന്നും അതിനെതിരെ പ്രതിലോമശക്തികൾ വിമോചന സമരം സംഘടിപ്പിച്ചതുപോലെ സമൂഹ ആണ്. എന്നാൽ ഇത് തിരിച്ചറിയാൻ പാർട്ടിക്ക് കഴിഞ്ഞില്ല. തെറ്റുപറ്റിയാൽ തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുക എന്നതാണ് കമ്മ്യൂണിസ്റ്റ് സമീപനം. പിണറായി സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികൾ ഒന്നൊന്നായി യു.ഡി.എഫ്. സർക്കാർ ഇല്ലാതാക്കുകയാണെന്നും, യു.ഡി.എഫ്. സർക്കാരിൻ്റെ നിലപാട് എന്താണെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്നും എം.എ. ബേബി പറഞ്ഞു. ഭാവിയിൽ കടമയും ഉത്തരവാദിത്വവും വലുതാണെന്നും ജാഗ്രതയോടെയുള്ള പോരാട്ടങ്ങളാണ് ഇന്ത്യയുടെയും കേരളത്തിന്റെയും ഭാവിയെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.



إرسال تعليق

0 تعليقات