അപകട സാധ്യത കുറയ്ക്കാനുള്ള വഴി; ഭാരവാഹനങ്ങളുടെ ഡ്രെെവർമാർക്ക് കർശന നിബന്ധനകളുമായി സൗദി അറേബ്യ


സൗദി അറേബ്യയിലെ റോഡുകളിൽ സഞ്ചരിക്കുന്ന ട്രക്കുകളുടെയും മറ്റ് ഭാര വാഹനങ്ങളുടെയും ഡ്രെെവർമാർ കർശനമായി പാലിക്കേണ്ട ആറ് നിബന്ധനകൾ പ്രഖ്യാപിച്ച് സൗദി അറേബ്യ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും അപകടസാധ്യത കുറയ്ക്കുന്നതിനുമാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ നിർദേശ പ്രകാരം ഒന്നിലധികം ലെെനുകളുള്ള റോഡുകളിൽ ട്രക്ക് ഡ്രൈവർമാർ ഏറ്റവും വലതുവശത്തെ ലെെനിലൂടെയാണ് സഞ്ചരിക്കേണ്ടത്. നഗരങ്ങളിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും അനുവദിച്ചിരിക്കുന്ന സമയക്രമം കൃത്യമായി പാലിക്കണമെന്നും നിർദേശമുണ്ട്. കൂടാതെ ട്രക്കുകളിൽ കൊണ്ടുപോകുന്ന ചരക്കുകൾ വീഴാതിരിക്കാൻ സുരക്ഷിതമായി മൂടുകയും ഉറപ്പിക്കുകയും വേണം. യാത്രക്കാരെ കൊണ്ടുപോകുന്നതിനായി രൂപകൽപ്പന ചെയ്തിട്ടില്ലാത്ത ട്രക്കുകളിൽ ആളുകളെ കയറ്റുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ ട്രക്ക് നിർത്തിയിടേണ്ട സാഹചര്യമുണ്ടെങ്കിൽ വാഹനത്തിന് പിന്നിൽ ആവശ്യമായ അകലത്തിൽ ത്രികോണ മുന്നറിയിപ്പ് (Triangular warning) ബോർഡോ റിഫ്ലക്ടറോ സ്ഥാപിക്കണമെന്നും അധികൃതർ നിർദേശിച്ചു. ചരക്കുകൾ കൊണ്ടുപോകുമ്പോൾ അനുവദിച്ചിട്ടുള്ള അളവുകളും ഭാരപരിധികളും കൃത്യമായി പാലിച്ചിരിക്കണം. ഈ നിബന്ധനകളിലൂടെ നിയമലംഘനങ്ങളും അപകടസാധ്യതകളും നിയന്ത്രിക്കാനാകുമെന്ന് ട്രാഫിക് വിഭാഗം പറഞ്ഞു. ഈ നിയമങ്ങളും നിർദേശങ്ങളും പാലിക്കുന്നതിലൂടെ റോഡ് സുരക്ഷ ഉറപ്പാക്കാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ട്രക്ക് ഗതാഗതവുമായി ബന്ധപ്പെട്ട അപകടസാധ്യത കുറയ്ക്കുന്നതിനുള്ള ആദ്യപടിയാണ് ഇതെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.



إرسال تعليق

0 تعليقات