ഹൈക്കോടതി വിധിയെപോലും കാറ്റിൽപ്പറത്തി ദേവസ്വം വിജിലൻസിൽ ഉദ്യോഗസ്ഥരെ മാറ്റാൻ സർക്കാർ നീക്കം. ശബരിമലയിലെ സ്വർണ്ണക്കൊള്ളയും നെയ് ക്രമക്കേടും അടക്കം നിർണായക കേസുകൾ അന്വേഷിച്ച ഉദ്യോഗസ്ഥരെ മാറ്റുന്നതിനായുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. നിലവിലെ ഉദ്യോഗസ്ഥരെ മാറ്റരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് പുതിയ നിയമനങ്ങൾക്കായുള്ള അടിയന്തര നീക്കം നടക്കുന്നത്. പ്രധാന അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നതിനായി പുതിയ നിയമനത്തിന് ശുപാർശ ചെയ്തുകൊണ്ട് പൊലീസ് മേധാവി വിജിലൻസ് ഡയറക്ടർക്ക് ഔദ്യോഗികമായി കത്ത് നൽകി. മൂന്ന് എസ് ഐമാരുടെയും മൂന്ന് സി പി ഒമാരുടെയും പേരുകളും പെൻനമ്പറുകളും ഉൾക്കൊള്ളുന്ന പട്ടിക തയ്യാറാക്കിയാണ് പൊലീസ് മേധാവി വിജിലൻസ് ഡയറക്ടർക്ക് കൈമാറിയിരിക്കുന്നത്. എസ്ഐമാരായ വിഷ്ണു എം പി, രാംലാൽ എ ആർ, രമേശൻ പിള്ള, സി പി ഒമാരായ ശ്യാംമോഹൻ, രതീഷ്, വിനു ബി എസ് എന്നിവരുടെ പട്ടികയാണ് ഇത്തരത്തിൽ തയ്യാറാക്കിയിട്ടുള്ളത്. അപേക്ഷിക്കാനുളള കാലാവധി നാളെ അവസാനിക്കും മുമ്പാണ് നിയമന നടപടികള്‍. ഉദ്യോഗസ്ഥരെ മാറ്റരുതെന്ന ഹൈക്കോടതി വിധി നിലനിൽക്കെയാണ് ഈ അസാധാരണ നടപടി.
0 تعليقات