അനധികൃത റേഷന്‍ കടത്ത്: മുഖ്യകണ്ണി കാര്‍ത്തികേയന്റെ ഗോഡൗണ്‍ പൂട്ടി സീല്‍ ചെയ്ത് അന്വേഷ സംഘം .

 

സംസ്ഥാനത്തെ അനധികൃത റേഷന്‍ അരി കടത്തില്‍ മുഖ്യകണ്ണി കാര്‍ത്തികേയന്റെ ഗോഡൗണ്‍ പൂട്ടി സീല്‍ ചെയ്ത് അന്വേഷണസംഘം. നെയ്യാറ്റിന്‍കര പാഞ്ചിക്കാലയിലുള്ള പ്രധാന ഗോഡൗണ്‍ ആണ് പൂട്ടി സീല്‍ ചെയ്തത്. മെഡിക്കല്‍ കോളേജ് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗോഡൗണ്‍ പൂട്ടിയത്. നെയ്യാറ്റിന്‍കര പാറശ്ശാല എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അഞ്ചോളം ഗോഡൗണുകള്‍ കാര്‍ത്തികേയനുണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തൽ. ഉള്ളൂരില്‍ വെച്ച് കാര്‍ത്തികേയന്റെ ശ്രീമുരുകന്‍ ലോറിയില്‍ നിന്നും റേഷനരി പിടിച്ചെടുത്തിരുന്നു. പിടിയിലായപ്പോൾ ഡ്രൈവര്‍ രാജേന്ദ്രന്‍ പൊലീസിന് നല്‍കിയത് അരവിന്ദ് ട്രേഡേഴ്‌സിന്റെ ബില്‍ ആയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പാഞ്ചിക്കാലയില്‍ എത്തിയത്.ഇവിടെ നിന്നും അരിക്കടത്തുമായി ബന്ധപ്പെട്ട രേഖകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഗോഡൗണില്‍ നിന്നും അരി പൂര്‍ണമായും മാറ്റിയ നിലയിലായിരുന്നു. അനധികൃതമായി സംഭരിച്ച അരി പോളിഷ് ചെയ്യുന്നതിനായി ഓട്ടോമാറ്റിക് പൊളിഷിംഗ് മെഷീനാണ് ഗോഡൗണില്‍ ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പൊളീഷിങ്ങിനായി ഉപയോഗിച്ച രാസവസ്തുക്കള്‍ കണ്ടെത്തുന്നതിനായി കൂടുതല്‍ പരിശോധനയുടെ ആവശ്യമുണ്ട്. പോളിഷിംഗ് മെഷീന്‍ പരിശോധിക്കാന്‍ സാങ്കേതിക വിദഗ്ധരുടെ സഹായവും സിവിൽ സപ്ലെെസ് ഉദ്യോഗസ്ഥരുടെ സഹായവും തേടുമെന്നും റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറുമെന്നും മെഡിക്കല്‍ കോളേജ് എസ്‌ഐ അറിയിച്ചു. നിലവിൽ കാർത്തികേയനെതിരെ കേസുകൾ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ പാഞ്ചിക്കാലയിൽ നടത്തിയ അന്വേഷണത്തിൽ എതെങ്കിലും രീതിയിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയാൽ ഉടമസ്ഥനായ കാർത്തികേയനെതിരെ കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു.റേഷന്‍ അരിക്ക് പുറമെ പച്ചരി, ഗോതമ്പ്, കുത്തരി തുടങ്ങിയ ഭക്ഷ്യധാന്യങ്ങളും അനധികൃതമായി കാര്‍ത്തികേയന്‍ ശേഖരിക്കുന്നതായും ഇവ മില്ലുകളില്‍ എത്തിച്ച് അരിപ്പൊടിയും ഗോതമ്പ് പൊടിയുമാക്കി ഈറ്റ് എന്‍ ജോയ് എന്ന സ്വന്തം ബ്രാന്‍ഡില്‍ വിപണനം ചെയ്യുന്നതായും റിപ്പോര്‍ട്ടര്‍ എസ്‌ഐടി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.പൂവാറിലെ നിറപറ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപമുള്ള മില്ലിലാണ് ഇവ പൊടിക്കുന്നത്.



إرسال تعليق

0 تعليقات