കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ അവസാനിക്കാറായി എന്ന വലതുപക്ഷത്തിന്റെ പ്രചാരണങ്ങൾ വെറും വ്യാമോഹമാണെന്നും ആ വ്യാമോഹത്തിന് ഇപ്പോൾ അന്ത്യമായിരിക്കുകയാണെന്നും ഗായത്രി വർഷ. ഇടതുപക്ഷവും കമ്മ്യൂണിസ്റ്റുകാരും ബിജെപിയുമായി ഒത്തുതീർപ്പിലാണെന്ന തരത്തിൽ വി.ഡി. സതീശൻ ഉൾപ്പെടെയുള്ള വലതുപക്ഷ ശക്തികൾ കാലങ്ങളായി ഉണ്ടാക്കിയെടുക്കുന്ന ആഖ്യാനങ്ങളെ ചൂണ്ടിക്കാട്ടിയാണ് ഗായത്രിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് തിരിച്ചടിയെത്തുടർന്ന് തെറ്റുകൾ തിരുത്തി മുന്നോട്ടുപോകുന്ന പാർട്ടി ചർച്ചകളെയും രാഷ്ട്രീയ പ്രക്രിയകളെയും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. എം.എ. ബേബിയുടെ പ്രസംഗം നാളത്തെ മാറ്റത്തെ പ്രതീക്ഷയോടെ കാണാൻ ഏവർക്കും വലിയ ജീവൻ നൽകുന്ന ഒന്നാണ്. തെരഞ്ഞെടുപ്പിൽ തെറ്റുപറ്റി എന്ന യാഥാർത്ഥ്യം പാർട്ടിക്കാരും പൊതുസമൂഹവും ഒരുപോലെ അംഗീകരിക്കുന്നുണ്ട്. 1957 മുതലുള്ള കേരളത്തിന്റെ സാംസ്കാരിക വളർച്ച ഇടതുപക്ഷത്തോടൊപ്പം ചേർന്നുള്ളതായിരുന്നു. കമ്മ്യൂണിസത്തിന്റെയും സോഷ്യലിസത്തിന്റെയും വേരുകൾ മനുഷ്യജീവിതത്തിന്റെ അടരുകളിൽ ശക്തമായി ഇറങ്ങിയിട്ടുള്ള സമൂഹമാണ് കേരളത്തിലുള്ളത്. എന്നാൽ കമ്മ്യൂണിസ്റ്റ്-ഇടതുപക്ഷ ആശയങ്ങൾ വികസനത്തിലും ജീവിതത്തിലും പ്രയോഗത്തിൽ വരുത്തിയപ്പോൾ അതിന് അനുപാതികമായ ആശയ സംവാദം സമൂഹത്തിൽ നടന്നിട്ടുണ്ടോ എന്ന് ഒന്നുകൂടി ചിന്തിക്കേണ്ടതുണ്ടെന്നും ഗായത്രി വർഷ വ്യക്തമാക്കി. പാർട്ടി പ്രവർത്തകരുടെയും അനുഭാവികളുടെയും അഭിപ്രായങ്ങൾ കേട്ട് വിശാലമായ ചർച്ചകളിലേക്ക് കടക്കുന്ന ഈ രാഷ്ട്രീയ പ്രക്രിയ ഭാവിയിലേക്ക് വലിയ പ്രതീക്ഷയും പ്രത്യാശയും നൽകുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.





0 Comments