വിദ്യാഭ്യാസ രംഗത്ത് എന്‍എസ്എസിന്റെ സംഭാവന നിസ്തുലം'; പെരുന്നയിലെത്തി സുകുമാരന്‍ നായരെ കണ്ട് എന്‍ ഷംസുദ്ദീന്‍

 

പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ കണ്ട് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. കോട്ടയത്ത് വിദ്യാഭ്യാസ വകുപ്പിന്റെ ഫയല്‍ അദാലത്തില്‍ പങ്കെടുക്കാന്‍ എത്തിയതിനിടെയാണ് മന്ത്രി എന്‍എസ്എസ് ആസ്ഥാനത്തും എത്തിയത്. ഏറ്റവും സൗഹൃദ പൂര്‍ണമായ അന്തരീക്ഷം സംസ്ഥാനത്ത് ഉണ്ടാകണമെന്നും ആ നിലപാടുള്ള തങ്ങള്‍ ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും സന്ദര്‍ശനത്തിന് പിന്നാലെ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് എന്‍എസ്എസിന്റെ സംഭാവന നിസ്തുലമാണ്. നൂറ് കണക്കിന് വിദ്യാലയങ്ങളും കലാലയങ്ങളും നല്ല നിലയില്‍ എന്‍എസ്എസ് നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്നത്തെ കാലത്തെ വിദ്യാഭ്യാസ വിഷയങ്ങളെ സംബന്ധിച്ചുള്ള ആശയങ്ങള്‍ പരസ്പരം കൈമാറുക എന്നതാണ് സന്ദര്‍ശനത്തിന്റെ ഉദ്ദേശമെന്ന് ഷംസുദ്ദീന്‍ വിശദീകരിച്ചു. വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത സംഭാവന വഹിച്ചവരുടെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും വിദ്യാഭ്യസ വകുപ്പിന് അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.മന്ത്രിയുടെ വരവില്‍ സന്തോഷമെന്നും മുസ്‌ലിം സമുദായവുമായും ലീഗുമായും അഭിപ്രായ വ്യത്യാസം ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. എല്ലാ മതങ്ങളോടും എന്‍എസ്എസിന് ഒരേ സമീപനമാണ്. അതില്‍ കൂടുതല്‍ ഇഷ്ടം മുസ്‌ലിം സമുദായത്തോടാണെന്നും ഇതുവരെ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടില്ലെന്നും ജി സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.


إرسال تعليق

0 تعليقات