ഡല്‍ഹി: ഗ്യാനേഷ് കുമാറിന് എതിരായ സിജെപി പ്രതിഷേധത്തിന്റെ ഭാഗമാകില്ലെന്ന് സോനം വാങ്ചുക്. സമരത്തിന് പൂര്‍ണ പിന്തുണ അറിയിക്കുന്നു. തുടക്കകാലത്ത് സിജെപിക്ക് പിന്തുണ നല്‍കിയിരുന്നു. എന്നാല്‍, എല്ലാ വിഷയങ്ങളിലും എപ്പോഴും സമരത്തിനിറങ്ങാന്‍ സാധിക്കില്ല. ഈ വിഷയം മുന്നോട്ട് കൊണ്ടുപോകാന്‍ അവര്‍ക്ക് പ്രാപ്തിയുണ്ട് എന്നും സോനം വാങ്ചുക് വ്യക്തമാക്കി. ഒക്ടോബര്‍ രണ്ട് മുതല്‍ വിഷയത്തില്‍ കോക്റോച്ച് ജനത പാര്‍ട്ടിയും പ്രതിഷേധത്തിനിറങ്ങും. ഒക്ടോബര്‍ രണ്ടിന് മുംബൈയിലാണ് സിജെപി പ്രതിഷേധം. മുംബൈയ്ക്ക് പിന്നാലെ പ്രതിഷേധം മറ്റ് നഗരങ്ങളിലേക്ക് വ്യാപിക്കാനാണ് തീരുമാനം. ഗാന്ധി ജയന്തി ദിനത്തില്‍ ജനാധിപത്യത്തെ സംരക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാമെന്ന് അഭിജിത് ദീപ്കെ പറഞ്ഞു. ഗ്യാനേഷ് കുമാറിന് കോക്രോച്ച് ജനത പാര്‍ട്ടി നല്‍കിയ അന്ത്യശാസന അവസാനിച്ചിരുന്നു. അതേസമയം, വിവാദ തീരുമാനങ്ങളില്‍ തിരുത്തല്‍ വരുത്തിയെങ്കിലും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യത്തില്‍ പ്രതിപക്ഷം പിന്നോട്ടില്ല. കമ്മീഷനെതിരായ ആരോപണങ്ങള്‍ ആളിക്കത്തിക്കാനാണ് പ്രതിപക്ഷ നീക്കം. വിഷയം ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച ഇന്ത്യ സഖ്യം യോഗം ചേരും. ചീഫ് സെക്രട്ടറിയുടെ ജിജി തോംസന്റെ വെളിപ്പെടുത്തലും പ്രതിപക്ഷം ആയുധമാക്കും. സംഭവം അതീവ ഗൗരവമുള്ളതെന്നും ഗ്യാനേഷ് കുമാര്‍ ബിജെപി ഏജന്റായി പ്രവര്‍ത്തിച്ചതിന് കൂടുതല്‍ തെളിവ് വേണ്ടെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രതികരിച്ചു. എന്നാല്‍, കമ്മീഷന്റെ വിശദീകരണത്തോടെ എല്ലാ തെറ്റിദ്ധാരണകളും അവസാനിച്ചെന്നാണ് ബിജെപി പ്രതികരണം.





0 تعليقات