സൗജന്യം കൈപ്പറ്റുന്നത് ഉത്തരവാദപ്പെട്ട പദവിയിൽ ഇരിക്കുന്നവർ ഒഴിവാക്കണം'; വിമർശനവുമായി സി ആർ മഹേഷ് എംഎൽഎ.

 

മുഖ്യമന്ത്രി വി ഡി സതീശന്റെ ചാര്‍ട്ടേഡ് വിമാനയാത്ര, തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്ര, മന്ത്രിമാരുടെ വിദേശയാത്ര അടക്കമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയരുന്നു. കരുനാഗപ്പള്ളി എംഎല്‍എ സി ആര്‍ മഹേഷാണ് പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയത്. മറ്റുള്ളവരില്‍ നിന്ന് സൗജന്യങ്ങള്‍ കൈപ്പറ്റുന്നത് ഉത്തരവാദപ്പെട്ട പദവികളില്‍ ഇരിക്കുന്നവര്‍ ഒഴിവാക്കണമെന്ന് സി ആര്‍ മഹേഷ് പറഞ്ഞു. അധികാരമുണ്ടാകുമ്പോള്‍ ഒരുപാട് പേര്‍ സുഹൃത്തുക്കളാകാന്‍ വരും. പട്ടിണി കിടന്നപ്പോള്‍ ഒറ്റയ്ക്കായിരുന്നുവെന്നും സി ആര്‍ മഹേഷ് പറഞ്ഞു. ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സി ആര്‍ മഹേഷിന്റെ പ്രതികരണം.

ആഡംബര വാഹനങ്ങളുടെ പിന്നാലെ പോകുന്നത് സാധാരണക്കാര്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നതല്ല. അവരുടെ മനസില്‍ പ്രതിഷേധമുണ്ടാകും. തങ്ങളെല്ലാം സുഹൃത്തുക്കളുടെ സഹായം സ്വീകരിക്കാറുണ്ട്. എന്നാല്‍ എല്ലാത്തിനും പരിധി വേണം. അബദ്ധം ആര്‍ക്കും സംഭവിക്കാവുന്നതാണ്. പക്ഷേ ഇങ്ങനെയുള്ളത് ഒഴിവാക്കണം. സുഹൃത്തുക്കളുടെ ആഡംബര വാഹനങ്ങള്‍ ഉപയോഗിക്കുന്നതും അവരുടെ ആഡംബര ഫ്‌ളാറ്റുകളില്‍ താമസിക്കുന്നതുമെല്ലാം ഉത്തരവാദപ്പെട്ട പദവികളില്‍ ഇരിക്കുന്നവര്‍ ഒഴിവാക്കുകതന്നെ വേണം. അവരുടെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കിവേണം പ്രവര്‍ത്തിക്കാനെന്നും സി ആര്‍ മഹേഷ് ചൂണ്ടിക്കാട്ടി.പ്രവാസികള്‍ സ്‌നേഹത്തോടെ ക്ഷണിക്കുമ്പോള്‍ യാത്രകള്‍ വേണ്ടിവരുമെന്നായിരുന്നു മന്ത്രിമാരുടെ വിദേശയാത്ര വിവാദത്തില്‍ സി ആര്‍ മഹേഷ് പ്രതികരിച്ചത്. ഇടത് സര്‍ക്കാരിന്റെ കാലത്ത് വിദേശയാത്ര പോകാത്ത ഏതെങ്കിലും മന്ത്രിമാരുണ്ടോയെന്ന് സി ആര്‍ മഹേഷ് ചോദിച്ചു. എന്നാല്‍ മോങ്ങാനിരിക്കുന്ന നായയുടെ തലയില്‍ തേങ്ങ വീണെന്ന് പറയുന്ന സ്ഥിതിയാണെന്ന് ഓര്‍ത്തുള്ള ജാഗ്രത വേണമെന്നും സി ആര്‍ മഹേഷ് പറഞ്ഞു.



Post a Comment

0 Comments