കായികതാരങ്ങൾ നെഞ്ചിലേറ്റുന്ന ഗോൾഡ് മെഡൽ പൂർണ്ണമായും സ്വർണ്ണമല്ല; വിപണിമൂല്യം എത്രയാണെന്ന് അറിയാമോ ?


ഏഷ്യൻ​ ​ഗെയിംസിലും ഒളിമ്പ്യക്സിലും കായികതാരങ്ങൾ നെഞ്ചിലേറ്റുന്ന മെഡൽ ശരിയ്ക്കും സ്വർണമല്ല. 92.5 ശതമാനം വെള്ളിയും കേവലം 6 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണവും ചേര്‍ത്താണ് ഓരോ സ്വര്‍ണ്ണ മെഡലും നിര്‍മ്മിക്കുന്നത്. 1912-ലെ സ്റ്റോക്ക്ഹോം ഒളിമ്പിക്സിന് ശേഷം പൂര്‍ണ്ണസ്വര്‍ണ്ണ മെഡലുകള്‍ ഒഴിവാക്കിയതിന്റെ കാരണങ്ങളും ഇവയുടെ യഥാര്‍ത്ഥ വിപണി മൂല്യവും എത്രയാണെന്ന് അറിയാമോ ?

‌വെള്ളി മെഡൽ പൂർണ്ണമായും വെള്ളിയിൽ തന്നെയാണ് നിർമ്മിക്കുന്നത്. വെങ്കല മെഡൽ നിർമ്മിക്കുന്നത് ചെമ്പ്, സിങ്ക്, ടിൻ, എന്നിവ അടക്കമുള്ള ലോഹമിശ്രിതം ഉപയോ​ഗിച്ചുമാണ്. ലോകത്തിന്റെ കായിക മാമാങ്കമായ ഒളിമ്പിക്സിലും ഇതേ മാനദണ്ഡങ്ങൾ തന്നെയാണ് പിന്തുടരുന്നത്.അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് ഉള്‍പ്പെടെയുള്ള മിക്ക പ്രധാന കായികമേളകളിലും മെഡലുകള്‍ നിര്‍മ്മിക്കുന്നത്. 1912 -ലെ സ്റ്റോക്ക്‌ഹോം ഒളിമ്പിക്‌സിലാണ് അവസാനമായി പൂര്‍ണ്ണമായും സ്വര്‍ണ്ണത്തില്‍ തീര്‍ത്ത മെഡലുകള്‍ നല്‍കിയത്. ഇത്തരത്തിൽ നിർമ്മിക്കുന്ന മെഡലുകളുടെ വിപണി മൂല്യം 700 മുതൽ 1000 യുഎസ് ഡോളർ വരെയാണ് അതായത് 60,000 മുതൽ 85,000 ഇന്ത്യൻ രൂപ വരെ. എന്നാൽ ലേലങ്ങളിൽ ഈ മെഡലുകൾക്ക് മോഹവിലയാണുള്ളത്. നേട്ടത്തിന്റെ ചരിത്രപ്രാധാന്യവും താരത്തിന്റെ പ്രശസ്തിയും അനുസരിച്ച് മെഡലിന്റെ മൂല്യവും കൂടും.



إرسال تعليق

0 تعليقات