തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ചും അതിൽ കണ്ടെത്തിയ പോരായ്മകൾ എങ്ങനെ തിരുത്തണം എന്നതിലുമാണ് വിപുലീകൃത സംസ്ഥാന കമ്മറ്റി പ്രധാന ചർച്ച നടക്കുന്നത് എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. പുതിയ സാഹചര്യത്തിൽ പാർട്ടി പ്രവർത്തനം എങ്ങനെ വേണം എന്നതിലും ചർച്ചകൾ നടക്കും. എന്തൊക്കെ തിരുത്തലുകൾ വരുത്തണമോ അതൊക്കെ വരുത്തുമെന്നും പാർട്ടി പ്രവർത്തകർക്കുള്ള വിമർശനങ്ങൾ നേരിട്ട് കേൾക്കാൻ സംസ്ഥാന കമ്മിറ്റി പ്രത്യേക സംവിധാനം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എൽ.ഡി.എഫും യു.ഡി.എഫും മാത്രമല്ല, സംഘപരിവാറും പിടിമുറുക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയതകളെ ഒരുപോലെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷത്തിലെ സമ്പന്നരുടെ താത്പര്യം സംരക്ഷിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. പി.എം. ശ്രീ പദ്ധതി ഉദാഹരണമായി ചൂണ്ടിക്കാട്ടി, സംഘപരിവാറുമായി സമരസപ്പെടാൻ പോലും ലീഗ് തയ്യാറാകുന്നു എന്ന് അദ്ദേഹം ആരോപിച്ചു. വലതുപക്ഷ മാധ്യമങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങളെ തിരിച്ചറിയണം. വിപുലീകൃത സംസ്ഥാന കമ്മിറ്റിയെക്കുറിച്ച് ചില മാധ്യമങ്ങൾ അസംബന്ധം നിറഞ്ഞ വാർത്തകളാണ് നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇ.ഡി-യും മാധ്യമങ്ങളും നടത്തുന്ന കടന്നാക്രമണം യഥാർത്ഥത്തിൽ പാർട്ടിക്കെതിരെയുള്ളതാണ്.പാർട്ടി ഭരണഘടനയുടെ വകുപ്പ് 21 ഭാഗം മൂന്നിൽ വിവരിക്കുന്ന ഉൾപ്പാർട്ടി ചർച്ചകൾക്ക് അനുസൃതമായാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരുന്നത്. പാർട്ടി അംഗങ്ങൾ മുതൽ നേതൃത്വം വരെയുള്ളവരിൽ പ്രത്യയശാസ്ത്രപരമായ വ്യക്തത വരുത്താൻ തീരുമാനങ്ങൾ ഉണ്ടാകും. ഇന്ന് വൈകുന്നേരം 6.30 വരെ ഗ്രൂപ്പ് ചർച്ചയും തുടർന്ന് 8 മണി വരെ പൊതുചർച്ചയും നടക്കും. നാളെയും പൊതുചർച്ച തുടരുമെന്നും മറ്റന്നാൾ ഉച്ചയോടെ യോഗം സമാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.





0 Comments