ജോലി എളുപ്പമാക്കാനും, കൂടുതൽ ദിവസം കേടില്ലാതെ ഇരിക്കുന്നതിനും പഴങ്ങൾ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് പലരും ശീലമാക്കിയിട്ടുണ്ട്. എന്നാൽ, എല്ലാ പഴങ്ങളും ഇത്തരത്തിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് നല്ലതല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത്തരത്തിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പണി കിട്ടുന്ന ഫലങ്ങൾ ഏതൊക്കെയാണ് അറിയാമോ ? വേനൽക്കാലത്ത് സുലഭമായി വിറ്റഴിയുന്ന ഫലങ്ങളിൽ ഒന്നാണ് തണ്ണിമത്തൻ. ഇത് വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഇടയ്ക്കിടെ ജ്യൂസടിച്ച് കുടിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. മുറിക്കാത്ത തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിക്കരുതെന്നാണ് വിദഗ്ധർ പറയുന്നത്. തണുപ്പ് ലൈക്കോപീൻ, ബീറ്റോ കരോട്ടിൻ തുടങ്ങിയ ആൻ്റിഓക്സിഡന്റുകളെ നശിപ്പിക്കും. മുറിച്ച ശേഷം വായു കടക്കാത്ത പാത്രത്തിൽ ഇവ സൂക്ഷിക്കുന്നതാണ് ശരിയായ രീതി. തണ്ണിമത്തൻ പോലെ തന്നെ മുഴുവനോടെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ കഴിയാത്ത ഫലമാണ് പൈനാപ്പിൾ. തണുത്ത അന്തരീക്ഷം മുറിക്കാത്ത കൈതചക്കയുടെ മധുരവും സുഗന്ധവും കുറയ്ക്കുന്നു. ഇവ മുറിച്ച ശേഷം സൂക്ഷിക്കാം. പഴുക്കാത്ത പപ്പായയും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് നല്ലതല്ല. പഴുക്കാതെ സൂക്ഷിച്ചാൽ അതിന്റെ സ്വാഭാവിക രുചി നഷ്ടമാവും. ആപ്പിൾ പുറത്ത് വച്ചാൽ ആഴ്ചകളോളം കേടുകൂടാതെ ഇരിക്കും. ഫ്രിഡ്ജിൽ വെക്കുമ്പോൾ അത് എത്തിലിൻ വാതകം പുറത്തുവിടുകയും മറ്റുള്ളവയെ വേഗത്തിൽ ചീത്തയാക്കുകയും ചെയ്യുന്നു. പച്ചമാങ്ങയോ മാമ്പഴമോ ഫ്രിഡ്ജിൽ വെക്കരുത്. തണുപ്പ് മാങ്ങ പാകമാകുന്നതിനെ തടസപ്പെടുത്തുകയും സ്വാഭാവിക രുചി നഷ്ടമാക്കുകയും ചെയ്യുന്നു. വാഴപഴവും ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പണികിട്ടും. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പഴം എളുപ്പത്തിൽ കേടാവാനുള്ള സാധ്യത കൂടുതലാണ്.





0 Comments