കണ്ണൂർ: മലയാളം കലാസാഹിത്യ വേദിയുടെ പ്രതിഭാ പുരസ്കാരം നാദം മുരളിക്ക് സമ്മാനിച്ചു. കോഴിക്കോട് നളന്ത ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പുരോഗമന കലാ സാഹിത്യ സംഘം മുൻ സംസ്ഥാന സെക്രട്ടറിയും കവിയുമായ വിനോദ് വൈശാഖിയാണ് അവാർഡ് നൽകിയത്. കുറ്റ്യാട്ടൂർ പാവന്നൂർ സ്വദേശിയായ നാദം മുരളി നാല് പതിറ്റാണ്ടുകളായി കലാരംഗത്ത് സജീവമാണ്. നാടക അഭിനയം, സംവിധാനം, സംഗീത സംവിധാനം, കീബോർഡ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. വിൽപ്പാട്ടിന് പുതിയ രംഗഭാഷ്യം നൽകി അവതരിപ്പിച്ച 'മൾട്ടി വിഷ്വൽ വിൽകലാ മേള' ആയിരത്തിലധികം വേദികളിൽ ശ്രദ്ധ നേടി. നിരവധി സിനിമകളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുള്ള ഇദ്ദേഹം 'അഭയ', 'കള്ളൻ ബട്ട്യൻ' എന്നീ സിനിമകൾക്ക് ഗാനരചനയും സംഗീത സംവിധാനവും ആലാപനവുമടക്കം നിർവഹിച്ചിട്ടുണ്ട്. 2018-ലെ കേരള ഫോക്ലോർ അക്കാദമി അവാർഡ്, ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. പരേതനായ നാരായണന്റെയും ലക്ഷ്മിയുടെയും മകനാണ്. രജിത മുരളിയാണ് ഭാര്യ. അധ്യാപികയായ അനശ്വര മുരളി മകളാണ്.






0 Comments