കണ്ണൂർ: ശ്മശാനത്തിൽ അസ്ഥി ശേഖരിക്കാൻ എത്തിയവർ അസ്ഥി ലഭിക്കാത്തതിനെ
തുടർന്ന് ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. സംസ്കാരം നടന്ന് മൂന്നാം നാൾ ശ്‌മശാനത്തിൽ പരേതയുടെ അസ്ഥി ശേഖരിക്കാൻ എത്തിയവരാണ് ജീവനക്കാരെ മർദ്ദിച്ചതെന്നാണ് പരാതി. കണ്ണൂർ ടൗൺ പോലീസ് ആണ് കേസെടുത്തത്. തിങ്കളാഴ്‌ച രാവിലെ ആയിരുന്നു സംഭവം. സംസ്‌കാരം നടന്ന് മൂന്നാം നാൾ പരേതയുടെ അസ്ഥി ശേഖരിക്കാൻ എത്തിയതാണ് കുടുംബം. എന്നാൽ കുഴിമാടത്തിൽ അസ്ഥി കണ്ടില്ല. തലേന്നാൾ മറ്റൊരു വീട്ടുകാരെത്തി അസ്ഥി ശേഖരിച്ച് പോവുകയായിരുന്നു. ബന്ധുക്കൾക്ക് നൽകുന്ന ടോക്കൺ പരസ്‌പരം മാറിയതാണ് പ്രശ്നമായത്. ഇതോടെ പ്രകോപിതരായ നാട്ടുകാർ ശ്‌മശാനം ജീവനക്കാരെ മർദ്ദിച്ചു എന്നാണ് പരാതി. കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്‌ടർക്കും മർദ്ദനത്തിൽ പരിക്കേറ്റിരുന്നു.
മരണാനന്തരകർമം യഥാവിധി നടത്താനാകാത്തതിനാൽ ശ്‌മശാനത്തിലെത്തിയവർ അസ്വസ്ഥരായെങ്കിലും ശ്‌മശാനം നടത്തിപ്പുകാരുമായി സംസാരിച്ച് രമ്യതയിലായതോടെ ഇവർ തിരിച്ചുപോയിരുന്നു. ചാല സ്വദേശിയായ പരേതയുടെ ബന്ധുക്കളും നാട്ടുകാരുമായ ഇവർ മടങ്ങിയ ശേഷം കുറച്ചുപേരെത്തി ശ്‌മശാനത്തിൽ അതിക്രമം നടത്തുകയായിരുന്നു. വിവരമറിഞ്ഞ് തലേദിവസം അസ്ഥി മാറി ശേഖരിച്ചുപോയവർ സ്ഥലത്തെത്തുകയും യഥാർഥ കുഴിമാടത്തിൽനിന്നുള്ള അസ്ഥി ശേഖരിച്ച് കർമങ്ങൾ നടത്തുകയും ചെയ്തിരുന്നു.






0 تعليقات