അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ

 

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതി പൊലീസ് പിടിയിൽ. പശ്ചിമബംഗാൾ സ്വദേശിയായ പ്രോവത് ദാസ് ആണ് പിടിയിലായത്. യുവതിയെയും കുഞ്ഞിനേയും കൊന്ന പ്രതിയെയാണ് പാലക്കാട് നിന്ന് പശ്ചിമബം​ഗാളിലെത്തിയ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പൊലീസ് പിടികൂടിയ പ്രതി കുറ്റം സമ്മതിച്ചു. കൊലപ്പെടുത്തിയത് തന്റെ ഭാര്യയെയും മകളെയുമല്ല എന്നാണ് പ്രതിയുടെ ഞെട്ടിപ്പിക്കുന്ന മൊഴി. കൊല്ലപ്പെട്ട യുവതിയും കുഞ്ഞുമായി രണ്ട് മാസത്തെ പരിചയം മാത്രമെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ഇതിനിടെ അട്ടപ്പാടിയിൽ കൊല്ലപ്പെട്ടവരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. പശ്ചിമബംഗാൾ സ്വദേശികളായ പ്രണിത (25), ജോഹിത (4) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന് കൊല്ലപ്പെട്ടവരെ തിരിച്ചറിയാൻ സാധിച്ചത്.അട്ടപ്പാടിയില്‍ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി ഉപേക്ഷിച്ച യുവതിയെയും കുഞ്ഞിനെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. തലയിൽ വെട്ടിയാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും കഴുത്തിന് ഞെരിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. യുവതിയുടെ തലയില്‍ മുറിവുകള്‍ കണ്ടെത്തി. കൊലപ്പെടുത്തിയ ശേഷം ഇരുവരുടെയും കഴുത്തറുത്ത് മാറ്റി ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി മൂന്ന് ചാക്കുകളിലാക്കുകയായിരുന്നു. ഞായറാഴ്ചയായിരുന്നു ഭവാനിപ്പുഴയില്‍ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് പശുവിനെ മേയ്ക്കാന്‍ എത്തിയവരാണ് യുവതിയുടെയും മകളുടെയും മൃതദേഹങ്ങള്‍ കണ്ടത്. ആദ്യ ചാക്ക് തുറന്നപ്പോള്‍ ശരീരഭാഗങ്ങള്‍ ആണെന്ന് കണ്ടതോടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.ഇരുപത് ദിവസം മുമ്പാണ് പ്രതിയും കുടുംബവും അട്ടപ്പാടിയില്‍ എത്തിയത്. മൃതദേഹങ്ങള്‍ ഉപേക്ഷിച്ച ചാക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്നാണ് പ്രതിയെ സംബന്ധിച്ച് പൊലീസിന് സൂചന ലഭിച്ചത്. കോയമ്പത്തൂരില്‍ നിന്ന് അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക് സാധനങ്ങള്‍ എത്തിച്ച ചാക്കായിരുന്നു ഇത്.



إرسال تعليق

0 تعليقات