തെരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന് കീഴിലുള്ള ഏകാധിപത്യ സംവിധാനമായി മാറിയിരിക്കുകയാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. പുതിയ വോട്ടർമാരെ കൂട്ടിച്ചേർക്കുന്നതും വ്യാപകമായി വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതും അനധികൃതവും നിയമവിരുദ്ധവുമാണ് എന്ന് കമ്മീഷണർമാർ രേഖപ്പെടുത്തിയതായി ബ്രിട്ടാസ് ആരോപിച്ചു. പത്ത് മാസത്തിനിടെ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ 14 തവണ ഔപചാരികമായി വിയോജിപ്പ് രേഖപ്പെടുത്തി . രഹസ്യമായി വോട്ടർമാരെ നീക്കം ചെയ്യൽ, പിന്നീട് പട്ടികയിൽ പുനഃസ്ഥാപിക്കൽ, ഫോം 6-ലെ മാറ്റങ്ങൾ തുടങ്ങിയ നടപടികളിലും കമ്മീഷണർമാർ എതിർപ്പ് രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. ആദ്യമായി വോട്ട് ചെയ്യാനെത്തുന്ന യുവാക്കളെ ഇത്തരം നടപടികൾ ബുദ്ധിമുട്ടിലാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതെല്ലാം നടക്കുമ്പോഴും രണ്ട് കമ്മീഷണർമാരെയും തീരുമാനങ്ങളുടെ കാര്യത്തിൽ ഇരുട്ടിൽ നിർത്തുകയായിരുന്നുവെന്നും ബ്രിട്ടാസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥാപനപരമായ സ്വാതന്ത്ര്യത്തെയും രാജ്യത്തെ ജനാധിപത്യത്തെയും അട്ടിമറിക്കുന്ന നടപടികളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിഇസി ഗ്യാനേഷ് കുമാറിനെ നീക്കുന്നതിനുള്ള നടപടികൾ പാർലമെന്റ് അടിയന്തരമായി ആരംഭിക്കണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു. ഭരണഘടനാപരമായ വ്യവസ്ഥകൾ പ്രകാരം 2026 ഏപ്രിൽ 24ന് തന്നെ സിഇസിയെ നീക്കുന്നതിനുള്ള നോട്ടീസ് നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 50 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യമായിരുന്നതെങ്കിലും ഏകദേശം 70 അംഗങ്ങൾ നോട്ടീസിൽ ഒപ്പുവെച്ചിരുന്നുവെന്നും ബ്രിട്ടാസ് അവകാശപ്പെട്ടു. എസ്‌ഐആർ നടപടിക്രമം പൂർണമായും റദ്ദാക്കാൻ സുപ്രീം കോടതി അടിയന്തരമായി ഇടപെടണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു. മൂന്ന് കമ്മീഷണർമാരിൽ രണ്ടുപേർ തന്നെ എസ്‌ഐആർ നടപടികൾ നിയമവിരുദ്ധമാണെന്നും വോട്ടർപട്ടികയുടെ വിശ്വാസ്യത തകർക്കുന്നതാണെന്നും രേഖപ്പെടുത്തിയ സാഹചര്യത്തിൽ കോടതിയുടെ മൗനം കൂട്ടുനിൽക്കലായി മാറുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. ഗ്യാനേഷ് കുമാറിന്റെ നടപടികൾ ജനാധിപത്യത്തിന്റെ മരണമണി മുഴക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





0 Comments