ഡസ്റ്റർ ഹൈബ്രിഡ് ഇന്ത്യയിലെത്തി ; 16.99 ലക്ഷം രൂപ മുതൽ വില, 29 കിലോമീറ്റർ വരെ മൈലേജ്


ഹൈബ്രിഡ് സാങ്കേതിക വിദ്യയിൽ പുതിയ ഡസ്റ്ററിനെ തിരികെയെത്തിച്ച് റെനോ. ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ ഇന്ത്യയിലെ ജനപ്രിയ എസ്‍യുവിയായിരുന്നു ഡസ്റ്റർ. വർഷങ്ങൾക്ക് ശേഷമാണ് പുതിയ ലുക്കിലും ആധുനിക സാങ്കേതിക വിദ്യയിലും വാഹനം തിരികെയെത്തുന്നത്. നിലവിലുള്ള ടർബോ പെട്രോൾ പതിപ്പുകൾക്കൊപ്പം ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായാണ് പുതിയ ഡസ്റ്റർ എത്തുന്നത്. മൂന്ന് പതിപ്പുകളിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ പതിപ്പായ ഇവല്യൂഷന് 16.99 ലക്ഷം രൂപയും ടെക്നോയ്ക്ക് 18.99 ലക്ഷം രൂപയും ഉയർന്ന വേരിയന്റായ ഇമോഷന് 19.49 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. 29 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. റെനോയുടെ ഇ-ടെക് 160 ഹൈബ്രിഡ് സംവിധാനമാണ് പുതിയ ഡസ്റ്ററിന്റെ പ്രധാന സവിശേഷത. 1.8 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എൻജിനൊപ്പം രണ്ട് ഇലക്ട്രിക് മോട്ടോറുകളും വാഹനത്തിലുണ്ട്. ഇവയുടെ സംയുക്ത കരുത്ത് 160 എച്ച്പിയാണ്. പെട്രോൾ എൻജിൻ 110 എച്ച്പി കരുത്തും 175 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 1.4 kWh ബാറ്ററിയും മൾട്ടി-മോഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമാണ് ഹൈബ്രിഡ് സംവിധാനത്തിന്റെ മറ്റ് പ്രത്യേകതകൾ. ഓൾ-ഇലക്ട്രിക്, പെട്രോൾ, ഹൈബ്രിഡ് തുടങ്ങിയ ആറ് പ്രവർത്തന രീതികളിലേക്ക് സിസ്റ്റത്തിന് സ്വയം മാറാൻ കഴിയും. നഗരയാത്രകളിൽ 80 ശതമാനം വരെ ദൂരം പൂർണമായും ഇലക്ട്രിക് മോഡിൽ സഞ്ചരിക്കാനാകുമെന്നും റെനോ അവകാശപ്പെടുന്നു. 18 ഇഞ്ച് വീലുകൾ, എൽഇഡി റിയർ ലൈറ്റ് ബാർ, റൂഫ് റെയിലുകൾ, ഹൈബ്രിഡ് ബാഡ്ജുകൾ, 212 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയാണ് പ്രധാന സവിശേഷതകൾ. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷൻ കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, റിയർ പാർക്കിങ് സെൻസറുകൾ, റിയർവ്യൂ ക്യാമറ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. 21,000 രൂപ നൽകി വാഹനത്തിനുള്ള ബുക്കിങ് നടത്താം. നവംബറിൽ ഡെലിവറി ആരംഭിക്കും.



Post a Comment

0 Comments