ഡ്രൈവിങ് ലൈസൻസ് എടുക്കാൻ പദ്ധതിയിടുന്നവർക്ക് തിരിച്ചടിയായി മോട്ടോർവാഹന ചട്ടഭേദഗതിയുടെ കരടു പുറത്തിറക്കി. കേന്ദ്ര ഗതാഗത മന്ത്രാലയമാണ് പുതിയ നിർദേശങ്ങളുമായി രംഗത്തെത്തിയത്. ലേണേഴ്സ് പരീക്ഷ പാസാകാൻ ഇപ്പോൾ 60% മാർക്ക് ആണ് വേണ്ടതെങ്കിൽ ഇനി അത് 75% മായി ഉയർത്താനാണ് തീരുമാനം.അപസ്മാരം ഉള്ളവരാണെങ്കിലും അതിനുള്ള മരുന്ന് കഴിക്കുന്നവർക്കും ഇനി ലൈസൻസ് ലഭിക്കില്ലെന്നാണ് വിവരം. കാഴ്ചക്കുറവ്, കേൾവിക്കുറവ് തുടങ്ങിയ വിവരങ്ങളും ചോദിച്ചറിയും. ആരോഗ്യവിവരങ്ങൾ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. എന്നാൽ, ഇതിലെ ചില വിവരങ്ങൾ അപകടം സംഭവിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം വന്നാൽ മാത്രമേ ഉപയോഗിക്കാവൂ എന്നും നിബന്ധനയുണ്ട്.
വിലാസത്തിനായി സമർപ്പിക്കുന്ന രേഖയിൽ നിന്നും എൽഐസി പോളിസി ഒഴിവാക്കി. പാസ്പോർട്ട്, വോട്ടർ ഐഡി, ആധാർ, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ എല്ലാം ലൈസൻസിനായി നൽകാം. ലൈസൻസുകൾ ഇനി ലാമിനേറ്റ് ചെയ്തോ പി വി സി കാർഡായോ നൽകണമെന്നും നിർദേശത്തിൽ പറയുന്നു.എന്നാൽ, ലൈസൻസിലെ വിവരങ്ങൾ തിരുത്താനുള്ള നടപടികൾ എളുപ്പമാകും. പേര്, അഡ്രസ് എന്നിവയടക്കമുള്ള വിവരങ്ങൾ തിരുത്താനുള്ള നടപടികളാണ് ലളിതമാക്കുക. അഡ്രസ് മാറ്റാനുള്ള അപേക്ഷയിൽ 30 ദിവസത്തിനകവും മറ്റുവിവരങ്ങൾ മാറ്റാൻ അപേക്ഷ നൽകിയാൽ ഇനി 15 ദിവസത്തിനകവും തീരുമാനം എടുക്കണം. ഇതിൽ അഡ്രസ് മാറ്റാനുള്ള അപേക്ഷ അയച്ച് 30 ദിവസത്തിനകം അംഗീകരിച്ചതായോ നിരസിച്ചതായോ മറുപടി വന്നില്ലെങ്കിൽ അംഗീകരിച്ചതായാണ് കണക്കാക്കുക.





0 Comments