ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ നടപടിയുമായി പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ. ദേശീയ ഫുട്ബോൾ ക്യാമ്പിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് റൊണാൾഡോയ്ക്കെതിരെ അച്ചടക്ക നടപടി എടുത്തത്. നടപടിയുടെ ഭാഗമായി പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ (എഫ്പിഎഫ്) താരത്തെ താത്ക്കാലികമായി സസ്പെൻഡ് ചെയ്തു. ഡെൻമാർക്കിനെതിരായ യുവേഫ നേഷൻസ് ലീഗ് മത്സരത്തിന് മുമ്പാണ് റൊണാൾഡോ ക്യാമ്പ് വിട്ടത്. പോർച്ചുഗീസ് ടീമിന്റെ മുഖ്യ പരിശീലകൻ ജോർജ് ജീസസുമായുള്ള തർക്കത്തെ തുടർന്നായിരുന്നു ഇത്. ഒക്ടോബർ 7-ന് നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിൽ, ഒക്ടോബർ 9-നാണ് നോൺ-പ്രൊഫഷണൽ സെക്ഷന്റെ തീരുമാനപ്രകാരം റൊണാൾഡോയ്‌ക്കെതിരെ അച്ചടക്ക നടപടികൾക്ക് തുടക്കമിട്ടത്. അതേസമയം റൊണാൾഡോ തന്റെ പ്രവർത്തിയിൽ സഹതാരങ്ങളോടും ആരാധകരോടും ക്ഷമാപണം നടത്തി രംഗത്തെത്തിയിരുന്നു. ക്യാമ്പ് വിട്ടതിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ച താരം സോഷ്യൽ മീഡിയയിലൂടെ തന്റെ ഭാഗം വ്യക്തമാക്കുകയും ചെയ്തു. കോച്ച് ജോർജ് ജീസസ് തന്നെ വഞ്ചിച്ചതായി തോന്നിയെന്നാണ് റൊണാൾഡോ പ്രസ്താവനയിൽ പറഞ്ഞത്. നേഷൻസ് ലീഗിൽ സെപ്റ്റംബർ 24ന് വെയ്ൽസിനെതിരെ കളിക്കാനും സെപ്റ്റംബർ 27ന് നോർവെയ്‌ക്കെതിരെയും ഒക്ടോബർ 1-ന് ഡെന്മാർക്കിനെതിരെയും വിശ്രമം നൽകി, ഒക്ടോബർ 5ന് നോർവെയ്‌ക്കെതിരായ രണ്ടാം മത്സരത്തിൽ വീണ്ടും കളിപ്പിക്കാനുമായിരുന്നു കോച്ച് ആദ്യം പദ്ധതിയിട്ടത്. എന്നാൽ മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ നിർദേശിച്ചപ്പോൾ ഒരു ക്യാപ്റ്റൻ എന്ന നിലയിൽ കളിച്ചില്ലെങ്കിലും ടീമിനൊപ്പം തുടരാൻ റൊണാൾഡോ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ സെപ്റ്റംബർ 27-ന് നോർവെയ്‌ക്കെതിരായ മത്സരദിവസം ഉച്ചഭക്ഷണ സമയത്ത്, തീരുമാനം മാറ്റിയ കോച്ച് റൊണാൾഡോയെ 30 മിനിറ്റ് കളിപ്പിക്കാമെന്നും അറിയിച്ചു. താരം ഇതിനോട് സമ്മതം മൂളിയെങ്കിലും ഒടുക്കം കളത്തിലിറക്കിയില്ല. ഇക്കാര്യം വാർത്താസമ്മേളനം വിളിച്ച് സത്യസന്ധമായി വിശദീകരിക്കാമെന്ന് കോച്ച് വാക്ക് നൽകിയിരുന്നെങ്കിലും അത് പാലിച്ചില്ലെന്നാണ് റൊണാൾഡോയുടെ ആരോപണം.




0 تعليقات