എറണാകുളം നെടുമ്പാശ്ശേരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ച് മൂന്നുപേർ മരിച്ച ദാരുണ സംഭവത്തിൽ ഡ്രൈവർക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തി കേസെടുത്ത് പൊലീസ്. ആലപ്പുഴ ആലിശ്ശേരി സ്വദേശിയും രാജഗിരി കോളേജിലെ ബി കോം വിദ്യാർഥിയുമായ സുഹൈൽ സജീവിനെതിരെയാണ് നെടുമ്പാശ്ശേരി പൊലീസ് നരഹത്യക്കുറ്റം ചുമത്തി കേസെടുത്തത്. ഇഹാ ഡിസൈൻസ് ഉടമയുടെ മകനാണ് പത്തൊൻപതുകാരനായ സുഹൈൽ. സുഹൃത്തിനെ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാനാണ് പ്രതി കാറുമായി എത്തിയത്. പുലർച്ചെ 2.40ന് വിമാനം എത്തുന്നതിന് മുമ്പുള്ള സമയങ്ങളിൽ പ്രതി വഴിയിലുടനീളമുള്ള മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രതി തന്നെ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് അമിതവേഗതയിൽ ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ പാലക്കാട് സ്വദേശിനി ഗോപിക, വയനാട് സ്വദേശിനി ദേവിക, കർണാടക സ്വദേശി ഇജാസ് എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.




0 تعليقات