ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ 29-ാമത് മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത് ഒക്ടോബർ 31ന് ചുമതലയേൽക്കും. ഏകദേശം നാല് പതിറ്റാണ്ട് നീണ്ട സൈനിക സേവനത്തിനിടെ നിരവധി പ്രധാന ദൗത്യങ്ങളിലും സൈനിക അഭ്യാസങ്ങളിലും അദ്ദേഹം പങ്കെടുത്തു
ഏകദേശം 40 വർഷത്തെ സേവനകാലത്ത് ഓപ്പറേഷൻ സഫേദ് സാഗർ, ഓപ്പറേഷൻ രക്ഷക്, കോപ്പ് ഇന്ത്യ തുടങ്ങിയ പ്രധാന സൈനിക ദൗത്യങ്ങളിലും അഭ്യാസങ്ങളിലും അശുതോഷ് ദീക്ഷിത് സജീവമായി പങ്കാളിയായി
ഇതിനിടെ, 2025ലെ ഓപ്പറേഷൻ സിന്ദൂരിലും അദ്ദേഹത്തിന്റെ സേവനപരിചയം ശ്രദ്ധേയമായി. വിവിധ പ്രവർത്തനമേഖലകളിലെ അനുഭവസമ്പത്ത് പുതിയ ചുമതലയിൽ നിർണായകമാകും.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച എൽസിഎ തേജസിനും മറ്റ് തദ്ദേശീയ വിമാന പദ്ധതികൾക്കും വ്യോമസേനയിൽ കൂടുതൽ പ്രാധാന്യം നൽകുന്നതിൽ അശുതോഷ് ദീക്ഷിത് സജീവമായി ഇടപെട്ടിട്ടുണ്ട്.
കൂടാതെ, രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ ആത്മനിർഭരത ശക്തിപ്പെടുത്തുന്ന കേന്ദ്രസർക്കാരിന്റെ ആത്മനിർഭർ ഭാരത് പദ്ധതിക്ക് അദ്ദേഹം കൂടുതൽ പിന്തുണ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരീക്ഷണ പൈലറ്റും പരിശീലനം നേടിയ ഫ്ലൈയിങ് ഇൻസ്ട്രക്ടറുമായ അശുതോഷ് ദീക്ഷിതിന് 3,500 മണിക്കൂറിലേറെ പറക്കൽ പരിചയമുണ്ട്. നിലവിൽ വ്യോമസേനാ ഉപമേധാവിയായാണ് അദ്ദേഹം സേവനമനുഷ്ഠിക്കുന്നത്.





0 Comments