കിങ് ഖാലിദ് വിമാനത്താവളത്തില്‍ ഹൂതികള്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടെന്ന് അറിയിച്ച് സൗദി അറേബ്യ. സൗദി വിമാനമായ 'സൗദിയ'യുടെ ക്യാപ്റ്റനും ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഇന്നലെ ഹൂതികള്‍ നടത്തിയ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലാണ് പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടമായത്. സൗദി അറേബ്യയുടെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇത് സ്ഥിരീകരിച്ചത്.
പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അതോറിറ്റി അറിയിച്ചു. ആദ്യ ആക്രമണം വിമാനത്താവള സൗകര്യങ്ങളെ ലക്ഷ്യം വെച്ചായിരുന്നു എന്നും രണ്ടാമത്തേത് സൗദി എയര്‍ലൈന്‍സ് വിമാനത്തിന് നേരെയായിരുന്നുവെന്നും സൗദി വ്യോമ ഗതാഗത അതോറിറ്റി അറിയിച്ചു. നിലവില്‍ വിമാനത്താവളത്തിലെ വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നും വ്യോമ ഗതാഗതം വൈകാതെ സാധാരണ നിലയിലാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.റോയല്‍ സൗദി വ്യോമസേനയുടെ കിംങ് ഖാലിദ് വ്യോമതാവളം, തെക്കന്‍ സൗദി-യെമന്‍ അതിര്‍ത്തിക്കടുത്തുള്ള നജ്റാന്‍ എന്നീ രണ്ട് സിവിലിയന്‍ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് വ്യാഴാഴ്ച ആക്രമണം നടത്തിയതായി ഹൂതി സംഘം അറിയിച്ചിരുന്നു. ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും വ്യോമഗതാഗതത്തിന് തടസങ്ങള്‍ ഉണ്ടായതായും ഹൂതികള്‍ അവകാശപ്പെട്ടിരുന്നു. സംഘർഷത്തെ തുടർന്ന് റിയാദിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ ഉൾപ്പെടെ നിർത്തിയതായി അറിയിച്ചിരുന്നു.





0 Comments