കൈരളി, ശ്രീ, നിള തീയറ്ററിനുള്ളിലെ ദൃശ്യങ്ങൾ ചോർന്ന സംഭവം; അന്വേഷണം മുതിർന്ന ഉദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ .

 

തീയറ്ററിനുള്ളിലെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. മുതിർന്ന ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിക്കണമെന്ന് ജല്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. ആവശ്യമെങ്കിൽ ഹൈടെക് സെല്ലിന്റെ സഹായം തേടണം. അന്വേഷണം ഊർജിതമാക്കി കുറ്റവാളികളെ ഉടൻ കണ്ടെത്തണമെന്നും നിർദ്ദേശം. തിരുവനന്തപുരം കൈരളി, നിള തീയേറ്ററുകളിൽ നിന്നാണ് നേരത്തെ ദൃശ്യങ്ങൾ പ്രചരിച്ചത്. സർക്കാറിന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററുകൾ ആണിത്.ആവശ്യമെങ്കിൽ ഹൈടെക് സെല്ലിന്റെ സഹായം തേടണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.  ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടാൽ ഹൈടെക് സെൽ ആവശ്യമായ സഹായം നൽകണം.  അന്വേഷണം ഊർജ്ജിതമാക്കി കുറ്റവാളികളെ കണ്ടെത്തി എത്രയും വേഗം നിയമാനുസരണം നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. സ്വകാര്യതാലംഘന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സംസ്ഥാനത്തെ എല്ലാ സിനിമാ തീയേറ്ററുകളും സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഉറപ്പാക്കണമെന്നും ഉത്തരവിൽ പറഞ്ഞു.

കൈരളി, ശ്രീ, നിള തീയേറ്ററുകളിൽ നിന്നുള്ള സിസിറ്റിവി ദൃശ്യങ്ങൾ ചോർന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്  സംബന്ധിച്ച് സൈബർ സെല്ലിൽ നിന്നും വിവരം ലഭിച്ചതായി  ചലച്ചിത്ര വികസന കോർപ്പറേഷൻ എം.ഡി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.  ഇതിന്റെ അടിസ്ഥാനത്തിൽ സ്വകാര്യതാലംഘനം ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.  കെ.എസ്.എഫ്.ഡി.സിയുടെ അറിവോ സമ്മതമോ ഇല്ലാതെ സംഭവിച്ച വിഷയത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താൻ സൈബർ സെൽ എ.ഡി.ജി.പി ക്ക് കത്ത് നൽകിയിട്ടുണ്ട്. 

സൈബർ സെല്ലിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ക്രൈം 172/2025 നമ്പറായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്നും റിപ്പോർട്ടിൽ പറഞ്ഞു. എന്നാൽ ദൃശ്യങ്ങൾ ഏത് കാലഘട്ടത്തിൽ ആരിലൂടെ എങ്ങനെ ചോർന്നു എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കെ.എസ്.എഫ്.ഡി.സി എം.ഡിയുടെ റിപ്പോർട്ടിൽ പറഞ്ഞു.

പ്രതികളെ കണ്ടെത്താൻ സാങ്കേതികവും നിയമപരവുമായ അന്വേഷണം നടക്കുകയാണെന്ന് സൈബർ പോലീസ് ഇൻസ്പെക്ടറുടെ റിപ്പോർട്ടിൽ പറഞ്ഞു. ക്രൈം നമ്പർ 172/2025 ന്റെ അന്വേഷണം നാളിതുവരെ പൂർത്തിയാക്കിയിട്ടില്ലെങ്കിൽ എത്രയും വേഗം പൂർത്തിയാക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകനായ അഡ്വ. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.



إرسال تعليق

0 تعليقات