മട്ടന്നൂർ: മട്ടന്നൂരിൽ സ്‌കൂൾ സ്റ്റുഡൻ്റ് സ് വെൽഫെയർ കൂപ്പൺ എന്ന പേരിൽ കൂപ്പൺ നൽകി കുട്ടികൾ വഴി പിരിവെടുക്കുന്നതിൽ വ്യാപക വിമർശനമുയരുന്നു. 50 രൂപയുടെ സമ്മാന കൂപ്പണുമായാണ് കുട്ടികൾ വീടുകളും കടകളും കയറിയിറങ്ങുന്നത്. 9, 10, 11, 12 ക്ലാസുകളിലെ കുട്ടികൾക്കാണ് കൂപ്പൺ നൽകിയിരിക്കുന്നത്. വർഷങ്ങൾക്കുമുമ്പ് കലോത്സവ പണ പിരിവിനായി കുട്ടികൾ നന്നേകാലത്തും ഏറെ വൈകിയും ടൗണുകളിൽ കൂപ്പണുകളുമായി ഇറങ്ങിയത് വാർത്തയായപ്പോൾ കുട്ടികളെ പണപ്പിരിവിന് ഇറക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമുണ്ടായിരുന്നു. മട്ടന്നൂരിൽ ഉപജില്ല ശാസ്ത്രമേള നടക്കുന്നത് ഒക്ടോബർ 6, 7 തീയ്യതികളിലാണ്. 3876 കുട്ടികളാണ് ശാസ്ത്രമേളയിൽ പങ്കെടുക്കുന്നത്. 7.5 ലക്ഷം രൂപയാണ് ശാസ്ത്രമേളയുടെ ചെലവെന്നു പറയുന്നു. ഇതിൽ ഒരുലക്ഷംരൂപ വിവിധ സ്കൂളുകളിൽ നിന്നായി, മേള നടക്കുന്ന വിദ്യാലയത്തിന് കൈമാറും. ശേഷിക്കുന്ന 6.5 ലക്ഷം രൂപ കണ്ടെത്തുന്നതിനാണ് ശാസ്ത്രമേളയുടെ പേര് വെയ്ക്കാതെ, മട്ടന്നൂർ ഹയർസെക്കന്ററി സ്‌കൂൾ സ്റ്റുഡന്റ്സ് വെൽഫെയർ കൂപ്പൺ എന്ന പേരിലുള്ള സമ്മാന കൂപ്പണുകളുമായി ചിലർ കുട്ടികളെ നിയോഗിച്ചിരിക്കുന്നത് എന്നറിയുന്നു. ഒരു കൂപ്പൺ ബുക്കിൽ 50 രൂപയുടെ 20 റസീറ്റ് ആണുള്ളത്. കേവലം 650 റസീറ്റ് ബുക്ക് തീർന്നാൽ മേളയുടെ അവശേഷിക്കുന്ന മുഴുവൻ ചെലവും കുട്ടികൾ വഴി തന്നെ കണ്ടെത്തുവാനാകും. മട്ടന്നൂരിൽ പത്താംക്ലാസ്സിൽ മാത്രമായി 700 ഓളം കുട്ടികളുണ്ട്. 30 സമ്മാനത്തിനും സ്പോൺസർമാരുണ്ട്. ഒക്ടോബർ 8 നാണ് നറുക്കെടുപ്പ്. സമയം വെളിപ്പെടുത്തിയിട്ടില്ല! കുട്ടികൾ കൂപ്പണുമായി വീടുകളിലും കടകളിലും നടക്കേണ്ടി വരുന്നത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. പിരിവിന് ഇറങ്ങുന്നത് ഒഴിവാക്കുവാൻ, ചില രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളിൽ നിന്ന് റസീറ്റ് ബുക്ക് വാങ്ങി ആയിരം രൂപ കൊടുക്കുവാനും തയ്യാറായിട്ടുണ്ട്.



0 تعليقات