സൗദി അറേബ്യൻ ഹെലികോപ്റ്റർ നജ്‌റാനിൽ തകർന്നുവീണ് രണ്ട് ജീവനക്കാർ മരിച്ചു; അപകടകാരണം സാങ്കേതിക തകരാറെന്ന് സഖ്യസേന


റിയാദ്: സൗദി അറേബ്യയിലെ നജ്‌റാൻ പ്രവിശ്യയിൽ സൗദി നാഷണൽ ഗാർഡിന്‍റെ എച്ച്-6ഐ നിരീക്ഷണ ഹെലികോപ്റ്റർ തകർന്ന് രണ്ട് ഉദ്യോഗസ്ഥർ മരിച്ചു. സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് യെമനിലെ സൗദി നേതൃത്വത്തിലുള്ള സഖ്യസേന വ്യക്തമാക്കി. സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ അതിർത്തി പ്രദേശത്താണ് അപകടമുണ്ടായതെന്ന് സഖ്യസേന ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി അറിയിച്ചു. വ്യോമസേനയിലെ രണ്ട് ഓഫീസർമാരാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം സ്ഥിരീകരിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. ഹൂതി വിമതരുടെ ഭാഗത്തുനിന്ന് ഇതുമായി ബന്ധപ്പെട്ട് അവകാശവാദവും ഉയർന്നിട്ടുണ്ട്. തങ്ങൾ സൗദി ഹെലികോപ്റ്റർ വെടിവച്ചിട്ടതായി ഇറാൻ പിന്തുണയുള്ള ഹൂതി സൈനിക വക്താവ് യഹ്യ സരീ അവകാശപ്പെട്ടു. നജ്‌റാൻ അതിർത്തിക്ക് സമീപം വെച്ചാണ് ഹെലികോപ്റ്റർ തകർത്തതെന്നായിരുന്നു ഹൂതികളുടെ വാദം. എന്നാൽ ഹൂതികളുടെ ഈ അവകാശവാദം സൗദി സഖ്യസേന ശക്തമായി തള്ളി. ഹൂതികൾ നുണ പ്രചരിപ്പിക്കുകയാണെന്ന് മേജർ ജനറൽ തുർക്കി അൽ-മാലികി വ്യക്തമാക്കി. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.



Post a Comment

0 Comments