ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങളിലൊന്നായ ഫൊബോസിൽനിന്ന് മണ്ണും പാറക്കഷണങ്ങളും ശേഖരിച്ച് ഭൂമിയിലെത്തിക്കാൻ ജപ്പാൻ. ഏകദേശം അഞ്ച് വർഷം നീളുന്ന ദൗത്യത്തിന് ജപ്പാൻ എയറോസ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസിയായ ജാക്സ ആണ് നേതൃത്വം നൽകുന്നത്. ഫൊബോസിന്റെ ഉത്ഭവം, ചൊവ്വയുമായുള്ള ബന്ധം, സൗരയൂഥത്തിലെ ജീവന്റെ സാധ്യതകൾ എന്നിവയെക്കുറിച്ച് നിർണായക വിവരങ്ങൾ കണ്ടെത്തുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. മാർഷ്യൻ മൂൺസ് എക്സ്പ്ലൊറേഷൻ എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ വിക്ഷേപണത്തിന് ജപ്പാന്റെ പുതിയ H3 റോക്കറ്റാണ് ഉപയോഗിക്കുന്നത്. ചൊവ്വയ്ക്ക് ഫൊബോസ്, ഡീമോസ് എന്നിങ്ങനെ രണ്ട് ചെറിയ ഉപഗ്രഹങ്ങളാണുള്ളത്. ഉരുളക്കിഴങ്ങിന്റെ ആകൃതിയോട് സാമ്യമുള്ള ഇവയുടെ ഉത്ഭവം ഇന്നും ശാസ്ത്രലോകത്തിന് പൂർണമായി വ്യക്തമായിട്ടില്ല. 1960കൾ മുതൽ ചൊവ്വയിലേക്ക് നിരവധി ബഹിരാകാശ ദൗത്യങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഉപഗ്രഹങ്ങളെക്കുറിച്ച് വിശദമായ പഠനങ്ങൾ ഇതുവരെ നടന്നിട്ടില്ല. ഫൊബോസും ഡീമോസും എങ്ങനെയാണ് രൂപപ്പെട്ടതെന്ന കാര്യത്തിൽ പ്രധാനമായും രണ്ട് സിദ്ധാന്തങ്ങളാണ് ശാസ്ത്രജ്ഞർ മുന്നോട്ടുവയ്ക്കുന്നത്. ചൊവ്വയിൽ വലിയൊരു ആകാശഗോളം ഇടിച്ചുണ്ടായ അവശിഷ്ടങ്ങൾ ചേർന്നാണ് ഉപഗ്രഹങ്ങൾ രൂപപ്പെട്ടതെന്നാണ് ഒരു വാദം. സൗരയൂഥത്തിന്റെ മറ്റേതെങ്കിലും ഭാഗത്തുനിന്ന് എത്തിയ ഛിന്നഗ്രഹങ്ങളാകാം ഇവ എന്നാണ് മറ്റൊരു വാദം. വിക്ഷേപണത്തിനു ശേഷം 2027 ഓഗസ്റ്റോടെ പേടകം ചൊവ്വയുടെ പരിസരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് ഏകദേശം മൂന്ന് വർഷം ഫൊബോസിന് സമീപവും അതിന്റെ ഭ്രമണപഥത്തിലുമായി സഞ്ചരിച്ച് വിവരങ്ങളും സാമ്പിളുകളും ശേഖരിക്കും. ദൗത്യം പൂർത്തിയാക്കി 2031ൽ പേടകം ഭൂമിയിൽ തിരിച്ചെത്താനാണ് പദ്ധതി. ഫൊബോസിൽനിന്ന് കുറഞ്ഞത് 10 ഗ്രാം മണ്ണ് ശേഖരിക്കുകയാണ് ലക്ഷ്യം. രണ്ട് വ്യത്യസ്ത ശ്രമങ്ങളിലൂടെ അമേരിക്കൻ, ജാപ്പനീസ് സാങ്കേതികവിദ്യകൾ ഉപയോഗിച്ചായിരിക്കും സാമ്പിളുകൾ ശേഖരിക്കുക.




0 Comments