ചാര്‍ട്ടേഡ് വിമാന യാത്ര ഉള്‍പ്പെടെ മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഉയര്‍ന്ന പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ കെപിസിസി. ഹൈക്കമാന്റ് നിര്‍ദ്ദേശ പ്രകാരം 13ന് കെപിസിസി ഭാരവാഹി യോഗം ചേരാനാണ് നീക്കം. ഡിസിസി അധ്യക്ഷന്മാരോടും യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി കൂടിയാലോചനകള്‍ നടത്തുന്നില്ലെന്ന അടൂര്‍ പ്രകാശിന്റെ പരസ്യ വിമര്‍ശനവും ചര്‍ച്ചയാകും. സര്‍ക്കാര്‍ - പാര്‍ട്ടി ഏകോപനത്തിനായി മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി ഉടന്‍ ഒരു സമിതി രൂപീകരിക്കാനും നിര്‍ദ്ദേശമുണ്ട്. മുഖ്യമന്ത്രിയുടെ നിലപാടുകള്‍ക്കെതിരെ പാര്‍ട്ടിയില്‍ നിന്നുതന്നെ തര്‍ക്കങ്ങള്‍ മൂര്‍ച്ഛിച്ച സാഹചര്യത്തിലാണ് തീരുമാനം. യുഡിഎഫ് യോഗവും ഉടന്‍ വിളിക്കാന്‍ നീക്കം നടക്കുന്നുണ്ട്.
മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആദ്യം പരസ്യമായി വിമര്‍ശനമുയര്‍ത്തിയത് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശായിരുന്നു. മുഖ്യമന്ത്രി പാര്‍ട്ടിയുമായും യുഡിഎഫുമായും ഏകോപനമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നെന്ന് വാര്‍ത്താ സമ്മേളനം നടത്തി അദ്ദേഹം തുറന്നടിച്ചിരുന്നു. പിന്നാലെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറും വി ഡി സതീശനെതിരെ രംഗത്ത് വന്നിരുന്നു. ബോര്‍ഡ് കോര്‍പ്പറേഷന്‍ നിയമനങ്ങളിലടക്കം മഹിളാ കോണ്‍ഗ്രസ് നോമിനികളെ തഴഞ്ഞതിലായിരുന്നു ജെബി മേത്തര്‍ കലാപക്കൊടി ഉയര്‍ത്തിയത്. അടൂര്‍ പ്രകാശിനെ പിന്തുണച്ച് കെ സുധാകരനടക്കമുള്ള മുതിര്‍ന്ന നേതാക്കളും രംഗത്ത് വന്നിരുന്നു. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാഥാകൃഷ്ണനും നിലപാട് പൊതിഞ്ഞ് പറയുന്ന സാഹചര്യമുണ്ടായി.ഭരണ പരിഷ്‌കാര കമ്മീഷന്‍ നിയമനങ്ങളിലടക്കം കൂടിയലോചന ഉണ്ടായില്ലെന്ന വിമര്‍ശനങ്ങള്‍ അടൂര്‍ പ്രകാശ് ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനങ്ങളില്‍ ചര്‍ച്ചയാകാമെന്ന് കെപിസിസി തന്നെ തീരുമാനിച്ചത്. മുഖ്യമന്ത്രി ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങള്‍ തിരുത്തണമെന്നാകും നേതാക്കള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുക. പാര്‍ട്ടിക്ക് വിധേയപ്പെട്ട് കൂടിയലോചനകളോടെ വി ഡി സതീശന്‍ പ്രവര്‍ത്തിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെടും. കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ദീപാദാസ് മുന്‍ഷി തന്നെ സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ത്തിയിരുന്നു. പത്രങ്ങളിലൂടെയാണ് സര്‍ക്കാരിന്റെ സുപ്രധാന തീരുമാനങ്ങള്‍ അറിയുന്നതെന്നായിരുന്നു വിമര്‍ശനം. പിന്നാലെ ദീപാദാസ് മുന്‍ഷിയെ ഇനി യോഗത്തിലേക്ക് വിളിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി കെപിസിസി അധ്യക്ഷനെ അറിയിച്ചിരുന്നു. പിന്നാലെ അടുത്ത യോഗത്തില്‍ ദീപാദാസ് മുന്‍ഷിയെ വിളിച്ചിരുന്നില്ല.
സര്‍ക്കാരിനെ ഏകോപിപ്പിക്കാന്‍ രൂപീകരിക്കുന്ന സമിതിയില്‍ 10 പേര്‍ അടക്കം ഉണ്ടായെക്കുമെന്നാണ് വിവരം. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തും സമാന സമിതി രൂപീകരിച്ചിരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ് നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ ഹൈക്കമാന്റിന് കടുത്ത അതൃപ്തി ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വിഷയങ്ങള്‍ ഹൈക്കമാന്റിന്റെ മുന്നിലാണെന്നാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞത്. ഹൈക്കമാന്റ് ഇപ്പോള്‍ വലിയ തിരക്കിലാണെന്നും സാവകാശം ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ അടൂര്‍ പ്രകാശിനോട് വിഷങ്ങള്‍ സംസാരിച്ചിരുന്നു. മാധ്യമങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് താന്‍ പറഞ്ഞ മറുപടികള്‍ക്ക് ഊന്നല്‍ നല്‍കി റിപ്പോര്‍ട്ടുകള്‍ കൊടുത്തതാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞതായി സണ്ണി ജോസഫ് വ്യക്തമാക്കി.





0 Comments