വിജയ് ഭരണത്തിൽ കൊലപാതകങ്ങൾ കുറഞ്ഞു, ലഹരിക്കേസുകൾ കൂടി; കണക്കുകൾ പുറത്തുവിട്ട് സർക്കാർ.

 

വിജയ് നയിക്കുന്ന ടിവികെ സർക്കാരിന് കീഴിൽ സംസ്ഥാനത്ത് കൊലപാതകങ്ങൾ കുറഞ്ഞതായി റിപ്പോർട്ട്. 2026ൽ തമിഴ്നാട്ടിൽ കൊലപാതകങ്ങളുടെ എണ്ണം കഴിഞ്ഞ അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. കൊലപാതകൾ കുറഞ്ഞപ്പോൾ ലഹരിമരുന്ന് കേസുകളിലും ലഹരിമരുന്നുകൾ കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.മുഖ്യമന്ത്രി വിജയിയുടെ ഭരണത്തിന് കീഴിൽ തമിഴ്‌നാട്ടിൽ ക്രമസമാധാന നില തകർന്നുവെന്ന് പ്രതിപക്ഷമായ ഡിഎംകെ ആരോപിക്കുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തുവന്നത്. സംസ്ഥാനത്ത് കൊലപാതകങ്ങളുടെ എണ്ണം കുറയുമ്പോൾ ആശങ്കയായി മയക്കുമരുന്ന് കേസുകൾ ഉയരുകയാണ്. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരമുള്ള കേസുകളും ലഹരി ഗുളികകൾ കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ഗണ്യമായി വർധിച്ചിരിക്കുന്നു.തമിഴ്‌നാട് സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2026 ജനുവരി മുതൽ നവംബർ 15 വരെയുള്ള കാലയളവിൽ 1,306 കൊലപാതക കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. ഡിഎംകെ അധികാരത്തിലിരുന്ന മുൻ നാല് വർഷങ്ങളിലെ ഇതേ കാലയളവിലെ കണക്കുകളെ അപേക്ഷിച്ച് ഇത് കുറവാണ്. 2026ൽ രേഖപ്പെടുത്തിയ കൊലപാതകങ്ങളുടെ എണ്ണം മുൻ നാല് വർഷങ്ങളിലെ ശരാശരിയെക്കാൾ കുറവാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 2022 മുതൽ 2025 വരെയുള്ള വർഷങ്ങളിൽ ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ ശരാശരി 1,421 കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 2026ൽ അത് 1,306 ആയി കുറഞ്ഞു. 2026ൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസുകളിലെ പ്രതികളിൽ 95 ശതമാനത്തെയും അറസ്റ്റ് ചെയ്തതായും സർക്കാർ അറിയിച്ചു.

കൊലപാതക കേസുകളിൽ കുറവ്

കഴിഞ്ഞ അഞ്ച് വർഷമായി തമിഴ്‌നാട്ടിൽ കൊലപാതക കേസുകളുടെ എണ്ണത്തിൽ തുടർച്ചയായ കുറവ് രേഖപ്പെടുത്തിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. താരതമ്യം ചെയ്ത വർഷങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്ക് 2026ലേതാണ്. 2025ൽ നവംബർ വരെ സംസ്ഥാനത്ത് 1,346 കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2024ൽ ഇത് 1,383 ആയിരുന്നു. 2023ൽ 1,469 കൊലപാതകങ്ങളും 2022ൽ 1,484 കൊലപാതകങ്ങളും രേഖപ്പെടുത്തി. ഈ വർഷം ജനുവരി മുതൽ നവംബർ 15 വരെ 1,306 കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ വർഷം രജിസ്റ്റർ ചെയ്ത കൊലപാതക കേസുകളിലെ പ്രതികളിൽ 95 ശതമാനം പേരെയും അറസ്റ്റ് ചെയ്യാനായെന്ന് സർക്കാർ വ്യക്തമാക്കുന്നു.

എൻഡിപിഎസ് കേസുകളിൽ 74 ശതമാനത്തിൻ്റെ വർധന

സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊലപാതകങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായത് ആശ്വാസകരമാണെങ്കിലും ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകൾ വർധിക്കുന്നത് ആശങ്ക ശക്തമാക്കുന്നുണ്ട്. ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന എൻഡിപിഎസ് (NDPS) നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ വർധനയുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.2026 മെയ് ഒന്നുമുതൽ നവംബർ 15 വരെ തമിഴ്‌നാട്ടിൽ എൻഡിപിഎസ് നിയമപ്രകാരം 10,559 കേസുകൾ രജിസ്റ്റർ ചെയ്തു. 2025ലെ ഇതേ കാലയളവിലെ കണക്ക് 6,057 ശതമാനമായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് എൻഡിപിഎസ് കേസുകളിൽ 74.32 ശതമാനം വർധനയാണിത്. എൻഡിപിഎസ് നിയമപ്രകാരം രജിസ്റ്റർ ചെയ്ത ലഹരിമരുന്ന്, കഞ്ചാവ് കേസുകളിൽ മരവിപ്പിച്ച (frozen) പണത്തിന്റെ അളവിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 234.38 ശതമാനം വർധനയുണ്ടായി. ഡ്രഗ്സ് കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസുകളിൽ 134.8 ശതമാനം വർധനയുണ്ട്.

വിഷമോ ലഹരിവസ്തുക്കളോ നൽകുന്നതുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 123 പ്രകാരമുള്ള കേസുകളിൽ വർധനയുണ്ടായി. 2026 മെയ് ഒന്നുമുതൽ നവംബർ 15 വരെ തമിഴ്‌നാട്ടിൽ ഇത്തരം 479 കേസുകൾ രജിസ്റ്റർ ചെയ്തു. 2025ലെ ഇതേ കാലയളവിൽ ഇത് 204 ആയിരുന്നു. അതായത് 134.8 ശതമാനം വർധന. ഈ കാലയളവിൽ പിടിച്ചെടുത്ത ലഹരിയടങ്ങിയ ഗുളികകളുടെ അളവിൽ 234 ശതമാനം വർധനയുണ്ടായതായി സംസ്ഥാന സർക്കാർ അറിയിച്ചു.


إرسال تعليق

0 تعليقات