ബെഞ്ചമിൻ നെതന്യാഹുവിന് തിരിച്ചടി: ഇസ്രായേൽ പാർലമെൻ്റിൽ പുതിയ സ്പീക്കറായി മാറ്റൻ കഹാന തെരഞ്ഞെടുക്കപ്പെട്ടു.

 

ഇസ്രായേൽ പാർലമെൻ്റിൽ (Knesset) പുതിയ സ്പീക്കറായി മാറ്റൻ കഹാനയെ തിരഞ്ഞെടുത്തു. പ്രതിപക്ഷ നേതാവായ ഗാഡി ഐസെൻകോട്ടിന്റെ പാർട്ടിയുടെ നേതാവായ കഹാന ചൊവ്വാഴ്ചയാണ് തിരഞ്ഞെടുക്കപ്പെട്ടത്. 120 അംഗ ചേംബറിൽ കഹാനയ്ക്ക് 66 വോട്ടുകൾ ലഭിച്ചപ്പോൾ നെതന്യാഹുവിൻ്റെ ലികുഡ് പാർട്ടിയുടെ സ്പീക്കർ സ്ഥാനാർത്ഥിക്ക് 52 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പാർലമെന്ററി കാര്യങ്ങൾക്കുള്ള സമയക്രമം നിശ്ചയിക്കുന്നതിനാൽ ഇസ്രായേൽ പാർലമെൻ്റ് സ്പീക്കറുടെ പദവി വളരെ പ്രധാനമാണ്. നിയമനിർമ്മാണവുമായി ബന്ധപ്പെട്ട ചർച്ചകളോ വോട്ടുകളോ വേഗത്തിലാക്കാനോ വൈകിപ്പിക്കാനോ സ്പീക്കർക്ക് കഴിയും.'വംശം, മതം, ലിംഗഭേദം എന്നിവ പരിഗണിക്കാതെ എല്ലാവർക്കും വേണ്ടിയുള്ള ഒരു നെസ്സെറ്റ് സ്പീക്കറായിരിക്കും ഞാൻ' എന്നായിരുന്നു വോട്ടെടുപ്പിന് തൊട്ടുപിന്നാലെയുള്ള തന്റെ ഉദ്ഘാടന പ്രസംഗത്തിനിടെ കഹാനയുടെ പ്രതികരണം. 54 വയസുകാരനായ കഹാന മുൻ സ്‌പെഷ്യൽ ഫോഴ്‌സ് സൈനികനാണ്. സ്പീക്കറായി ചുമതലയേൽക്കുന്ന കഹാന വരും ദിവസങ്ങളിൽ നെതന്യാഹു സർക്കാരിൻ്റെ വിവാദപരമായ ജുഡീഷ്യറി പരിഷ്കാരങ്ങൾ റദ്ദാക്കാനുള്ള പ്രക്രിയകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.നിലവിൽ ഐസെൻകോട്ടിൻ്റെ യാഷർ പാർട്ടിയിൽ അംഗമായ കഹാന, 2021 ലും 2022 ലും ഇസ്രായേൽ സർക്കാരിൽ മതസേവന മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. ആ സമയത്ത് ചീഫ് റബ്ബിനേറ്റിന്റെ അധികാരം കുറയ്ക്കാൻ അദ്ദേഹം തീവ്ര ഓർത്തഡോക്സ് ജൂതന്മാരുമായി ഏറ്റുമുട്ടിയിരുന്നു. മതാചാരങ്ങൾ കർശനമായി പാലിക്കുന്ന ജൂതവിശ്വാസി കൂടിയാണ് കഹാന. മതേതര ലിബറലുകൾ മുതൽ യാഥാസ്ഥിതിക വിഭാഗങ്ങളെ വരെ ഉൾപ്പെടുത്തി വിശാലമായൊരു സഖ്യം രൂപീകരിക്കാനുള്ള ഐസെൻകോട്ടിന്റെ നീക്കങ്ങളുടെ ഭാഗമാണിത്.നെതന്യാഹുവിന്റെ സഖ്യകക്ഷിയും 2022 മുതൽ സ്പീക്കർ സ്ഥാനം വഹിക്കുന്ന അമീർ ഒഹാനയുടെ പിൻഗാമിയായണ് കഹാന സ്ഥാനമേറ്റത്. ബെഞ്ചമിന്‍ നെതന്യാഹുവിനെ പടിയിറക്കി പുതിയ ഭരണകൂടം രൂപീകരിക്കാനൊരുങ്ങുന്ന പ്രതിപക്ഷ സഖ്യത്തില്‍ നിര്‍ണായക രാഷ്ട്രീയ നീക്കമായിരിക്കും കഹാനയുടെ സ്പീക്കർ പദവി.



إرسال تعليق

0 تعليقات