സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ.

 

ആലപ്പുഴ: ചെങ്ങന്നൂരിൽ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു പിന്നാലെ വീട്ടമ്മ മരിച്ചു. കൊല്ലം ചവറ തെക്കേക്കര സ്വദേശിനി ഉദയലക്ഷ്‌മി (42) ആണ് മരിച്ചത്. ശസ്ത്രക്രിയയിലെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ശസ്ത്രക്രിയാ പിഴവ് ഉണ്ടായിട്ടില്ലെന്ന് വെൺമണിയിലെ സഞ്ജീവനി ആശുപത്രി അധികൃതർ വിശദീകരിച്ചു.തൈറോയ്ഡ് ഗ്രന്ഥിയിൽ കാൻസർ കണ്ടെത്തിയതിനെ തുടർന്ന് ഈ മാസം പതിനാറിനായിരുന്നു ഉദയലക്ഷ്‌മിയുടെ ശസ്ത്രക്രിയ. തൈറോയ്‌ഡ് ഗ്രന്ഥി നീക്കം ചെയ്തതിനു ശേഷം ശ്വസനം സുഗമമാക്കാനുള്ള ട്രാക്കിയോസ്റ്റമിക്ക് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഉദയലക്ഷ്‌മിയെ വിധേയയാക്കി. ഇതിനു പിന്നാലെ ഉച്ചയ്ക്ക് ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ട്രാക്കിയോസ്റ്റമിക്ക് വിധേയയാക്കുന്നതിന് തൊട്ടുമുമ്പു വരെ സംസാരിച്ച് സാധാരണപോലെ പെരുമാറിയ രോഗി പെട്ടെന്ന് മരിച്ചതിലാണ് ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുന്നത്.ശസ്ത്രക്രിയയിലെ പിഴവാണ് മരണകാരണമെന്ന ബന്ധുക്കളുടെ ആരോപണം സഞ്ജീവനി ആശുപത്രി അധികൃതർ നിഷേധിച്ചു. ശസ്ത്രക്രിയയിലോ തുടർ ചികിത്സയിലോ പിഴവുണ്ടായിട്ടില്ല. ചികിത്സയുടെ എല്ലാ ഘട്ടത്തിലും വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിരുന്നു. തൈറോയ്‌ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്ക് ശേഷം ചില രോഗികളിൽ ഹൃദയാഘാതത്തിനും ശ്വാസകോശ തടസങ്ങൾക്കും സാധ്യതയുണ്ടെന്നും ഇതു തന്നെയാകാം ഉദയലക്ഷ്‌മിയുടെയും മരണത്തിന് കാരണമായതെന്നും ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഉദയലക്ഷ്മിയുടെ ബന്ധുക്കളുടെ പരാതിയിൽ വെൺമണി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അന്വേഷണവുമായി സഹകരിക്കുമെന്നും ചികിത്സാ രേഖകൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതിനു ശേഷം കേസിലെ തുടർനടപടികൾ തീരുമാനിക്കുമെന്ന് പൊലീസ് അറിയിച്ചു.



إرسال تعليق

0 تعليقات