ഐസിസി ചെയർമാനായി ജയ് ഷാ തുടരും, പദവിയിലെത്തുന്നത് രണ്ടാം തവണ.

 

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ചെയർമാനായി ജയ് ഷായെ വീണ്ടും തിരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് ജയ് ഷാ ഐസിസിയുടെ തലപ്പത്തെത്തുന്നത്. എതിരില്ലാതെയാണ് ജയ് ഷായെ തിരഞ്ഞെടുത്തതെന്ന് പുറത്തിറക്കിയ പ്രസ്‌താവനയിൽ ഐസിസി വ്യക്തമാക്കി. 2024 ലാണ് ആദ്യമായി ജയ് ഷാ ഐസിസി ചെയർമാനായി നിയമിക്കപ്പെട്ടത്.ജയ് ഷായുടെ നേതൃത്വത്തിലുള്ള ബോർഡിൻ്റെ വിശ്വാസ്യതയെയാണ് തീരുമാനം പ്രതിഫലിപ്പിക്കുന്നതെന്ന് ഐസിസി പ്രസ്‌താവനയിൽ വ്യക്തമാക്കി. അതേസമയം ഐസിസി ബോർഡ് തന്നിൽ അർപ്പിച്ച വിശ്വാസത്തെ ബഹുമാനിക്കുന്നുവെന്ന് ജയ് ഷായും പ്രതികരിച്ചു.'തുടർച്ചയായ പിന്തുണയ്ക്ക് ഓരോ ബോർഡ് ഡയറക്ടറോടും ആത്മാർത്ഥമായി നന്ദി പറയുന്നു. ഐസിസി ചെയർമാനായി സേവനമനുഷ്ഠിക്കുന്നത് ഒരു പദവിയും ഉത്തരവാദിത്തവുമാണ്. ലോകമെമ്പാടുമുള്ള ക്രിക്കറ്റിൻ്റെ താത്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി അംഗങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധനാണെന്നും' ജയ് ഷാ വ്യക്തമാക്കി.

2024 ൽ ഗ്രഗ് ബാർക്ലേയുടെ പകരക്കാരനായിട്ടാണ് ജയ് ഷാ ഐസിസി ചെയർമാനാകുന്നത്. 2020-ൽ ഐ.സി.സിയുടെ തലപ്പത്തെത്തിയ ബാർക്ലേ 2022-ൽ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ആദ്യ ടേമിൽ 2024 മുതൽ 2026 വരെ ജയ് ഷാ ചെയർമാനായി. ഇപ്പോഴിതാ വീണ്ടും എതിരില്ലാതെ ജയ് ഷായെ തിരഞ്ഞെടുത്തിരിക്കുകയാണ് ഐസിസി.

ജഗമോഹൻ ഡാൽമിയ, ശരദ് പവാർ, എൻ. ശ്രീനിവാസൻ, ശശാങ്ക് മനോഹർ എന്നിവരാണ് ഇതിന് മുമ്പ് ഐ.സി.സി തലപ്പത്തെത്തിയ ഇന്ത്യക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മകൻ കൂടിയായ ജയ്ഷാ ഐ.സി.സി തലപ്പത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ്.



إرسال تعليق

0 تعليقات