.jpeg)
ഇന്ത്യയിൽ 25,720 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല. ഒരു കോടി ആളുകൾക്ക് കമ്പനി പരിശീലനം നൽകും. ഇന്ത്യയിൽ നടത്തുന്ന 300 കോടി ഡോളറിന്റെ വൻകിട നിക്ഷേപം രാജ്യത്തെ മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ ബിസിനസ് വിപുലീകരണ പ്രവർത്തനങ്ങളിൽ ഒന്നായിരിക്കുമെന്ന് നാദെല്ല വ്യക്തമാക്കി.
2030-ഓടെ ഇന്ത്യയിൽ ഒരു കോടി പേർക്ക് എഐ ഉൾപ്പെടെയുള്ള നൂതനസാങ്കിതക വിദ്യാരംഗത്ത് തൊഴിൽ പരിശീലനം നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് സത്യനാദല്ല ഇന്ത്യയിലെ വൻകിട നിക്ഷേപം പ്രഖ്യാപിച്ചത്.

ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള മേഖലയിലെ മുന്നേറ്റത്തിനാണ് നാദെല്ല ഇന്ത്യയിൽ വൻകിട നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ സ്റ്റാർട്ടപ്പ് സ്ഥാപകരും എക്സിക്യൂട്ടീവുകളും പങ്കെടുത്ത ഒരു കോൺഫറൻസിൽ വെച്ചായിരുന്നു നാദെല്ലയുടെ പ്രഖ്യാപനം. ലോകമെമ്പാടും പ്രയോജനപ്പെടുന്ന ടെക് സൊല്യൂഷനുകൾ വികസിപ്പിക്കാൻ ഇന്ത്യയുടെ ഡെവലപ്പർ കമ്മ്യൂണിറ്റിക്കാകുമെന്നും മൈക്രോസോഫ്റ്റ് സിഇഒ സൂചിപ്പിച്ചു.
അസ്യൂർ എന്ന ബ്രാൻഡിന് കീഴിലാണ് മൈക്രോസോഫ്റ്റ് ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവനങ്ങൾ നൽകുന്നത്. 300-ലധികം ഡാറ്റാ സെന്ററുകൾ കമ്പനിക്കുണ്ട്. ഇന്ത്യയിലെ ബിസിനസ് ഏറെ പ്രാധാന്യത്തോടെയാണ് കമ്പനി നോക്കി കാണുന്നത്. വടക്കേഇന്ത്യയിലും ദക്ഷിണേന്ത്യയിലുമുൾപ്പെടെ കമ്പനിക്ക് പ്രോജക്റ്റുകളുണ്ട്.
മൈക്രോസോഫ്റ്റിന് ഇന്ത്യയിൽ മൂന്ന് ഡാറ്റാ സെന്ററുകളാണുള്ളത്. നാലാമത്തേത് 2026-ൽ പ്രവർത്തനക്ഷമമാകും. ഇന്ത്യയിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന എഐ സ്റ്റാർട്ടപ്പുകൾക്കും ഗവേഷണത്തിനും സഹായകരമാകുന്ന രീതിയിലാണ് മൈക്രോസോഫ്റ്റ് നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്. എഐ കമ്പ്യൂട്ടിംഗ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിൽ ഈ നിക്ഷേപത്തിന് വലിയ പങ്കുവഹിക്കാനാകും.
ഏറ്റവും വലിയ ഡെവലപ്പർ കമ്മ്യൂണിറ്റിയാകാനൊരുങ്ങി ഇന്ത്യ
ഇന്ത്യയിൽ 1.7 കോടി ഡെവലപ്പർമാർ ഉണ്ട്. യുഎസ് ആണ് ഇപ്പോൾ ഏറ്റവും മുന്നിൽ. 2028-ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഡെവലപ്പർ കമ്മ്യൂണിറ്റിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ നിന്ന് നിരവധി എഐ പ്രോജക്ടുകൾ വികസിപ്പിക്കുന്നുണ്ട്. 2030-ഓടെയാണ് ഒരു കോടി പേർക്ക് പരിശീലനം നൽകാൻ മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്.
പ്രൊഫഷണലുകൾക്ക് എഐയിലെ വൈദഗ്ധ്യം ഇനി ഒഴിവാക്കാനാകാത്തതാണ്. പഠനത്തിനും ഏറെ പ്രാധാന്യമുണ്ട്. ശരാശരി പ്രൊഫഷണലുകളേക്കാൾ ആഴ്‌ചയിൽ ഏകദേശം 50 ശതമാനം കൂടുതൽ സമയം പഠനത്തിനായി ഇന്ത്യൻ പ്രൊഫഷണലുകൾ ചെലവഴിക്കുന്നതായി സൂചനയുണ്ട്. എഐയിലെ വൈദഗ്ധ്യത്തിനായി ഇന്ത്യൻ പ്രഫഷണലുകൾ ശ്രമിക്കുന്നുണ്ട്. ഇതും മൈക്രോസോഫ്റ്റ് ഈ രംഗത്ത് പണം നിക്ഷേപിക്കാൻ കാരണമാണ്.
Post a Comment