പെരുമ്പാവൂര്‍ കുറുപ്പുംപടിയില്‍ സഹോദരിമാരായ കുട്ടികള്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പെൺകുട്ടികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. കുട്ടികളുടെ അമ്മയുടെ പങ്കും പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അയ്യമ്പുഴ സ്വദേശിയായ ടാക്സി ഡ്രൈവര്‍ ധനേഷ് കുമാര്‍ ആണ് അറസ്റ്റിലായത്.കൂട്ടുകാരികളെ കൂടി വീട്ടിലേക്ക് വിളിച്ചു കൊണ്ടുവരണമെന്ന് പ്രതി കുട്ടികളോട് ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് പ്രതി ധനേഷ് കുട്ടികളെ ഭീഷണിപ്പെടുത്തിയതായും പൊലീസ് കണ്ടെത്തി. 10 ഉം 12 ഉം വയസ്സ് മാത്രം പ്രായം ഉള്ള പെണ്‍കുട്ടികളാണ് 2022 മുതല്‍ കഴിഞ്ഞ ഫെബ്രുവരി വരെ പീഡനത്തിനിരയായത്. ഈ കുട്ടികളുടെ സുഹൃത്തുക്കളുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ കണ്ടതോടെ ഇവരെയും വീട്ടിലേക്ക് എത്തിക്കണമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണിക്ക് വഴങ്ങേണ്ടിവന്ന കുട്ടികള്‍ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞ് സഹപാഠിക്ക് നല്‍കിയ കത്ത് അധ്യാപികക്ക് ലഭിച്ചതോടെയാണ് പീഡന വിവരം പുറംലോകം അറിയുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് കുട്ടികളുടെ അമ്മയും ധനേഷും പരിചയത്തിലായത്. ടാക്‌സി ഡ്രൈവറായിരുന്നു ധനേഷിന്റെ വാഹനത്തിലായിരുന്നു കുട്ടികളുടെ അച്ഛനെ ചികിത്സയ്ക്കായി കൊണ്ടുപോയിരുന്നത്. അദ്ദേഹത്തിന്റെ മരണശേഷം ഇവര്‍ താമസിക്കുന്ന വാടക വീട്ടിലേക്ക് പ്രതി എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും എത്തും. രണ്ടാനച്ഛന്‍ എന്ന രീതിയിലായിരുന്നു കുട്ടികളോട് ധനേഷിന്റെ പെരുമാറ്റം. സംഭവത്തില്‍ കുട്ടികളുടെ അമ്മയുടെ പങ്ക് അന്വേഷിച്ചു വരികയാണ്. പോക്‌സോ നിയമപ്രകാരം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
WE ONE KERALA -NM
Post a Comment