ന്യൂഡൽഹി: രാജ്യത്ത് ഭാഷാ പോര് മുറുകുമ്പോൾ വിവാദ നീക്കവുമായി എൻസിഇആർടി. എൻസിഇആർടിയുടെ ഇംഗ്ലീഷ് പുസ്തകങ്ങളുടെ ഉൾപ്പടെയുള്ളവയുടെ ടൈറ്റിൽ ഹിന്ദിയിലാക്കിയതാണ് പുതിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. തമിഴ്നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ തൃഭാഷ നയത്തിനെതിരെ വലിയ എതിർപ്പ് നിലനിൽക്കെയാണ് പുതിയ മാറ്റം. ഒന്ന്, രണ്ട്, മൂന്ന്, ആറ് ക്ലാസുകളിലെ പുസ്തകങ്ങളുടെ പേരിലാണ് എൻസിഇആർടി മാറ്റം വരുത്തിയിരിക്കുന്നത്. എൻസിആർടിയുടെ ആറാം ക്ലാസിലെ ഇംഗ്ലീഷ് പുസ്തകമായ 'ഹണിസക്കി'ളിൻ്റെ പുതിയ ടൈറ്റിൽ 'പൂർവി' എന്നാണ്. ഇത് കൂടാതെ ഒന്ന് രണ്ട് ക്ലാസുകളിലെ ഇംഗ്ലീഷ് പുസ്തകത്തിൻ്റെ ടൈറ്റിൽ 'മൃദംഗ്' എന്നാണ്. മൂന്നാം ക്ലാസ് പുസ്തകത്തിൻ്റേത് 'സന്തൂർ' എന്നാക്കി മാറ്റിയിട്ടുണ്ട്. അതേ സമയം, ആറാം ക്ലാസിലെ കണക്ക് പുസ്തകത്തിൻ്റെ ടൈറ്റിൽ മാത്തമാറ്റിക്സ് എന്നത് മാറ്റി 'ഗണിത് പ്രകാശ്' എന്നാക്കിയിട്ടുണ്ട്. പുസ്തകം പ്രസിദ്ധീകരിക്കുന്ന ഭാഷയിൽ തന്നെയായിരുന്നു മുൻപ് ടൈറ്റിലുകൾ നൽകിയിരുന്നത്. ഈ നയത്തിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. ഭാഷാ തർക്കം തുടരുന്ന സാഹചര്യത്തിലാണ് എൻസിഇആർടിയുടെ പുതിയ നീക്കം എന്നത് ശ്രദ്ധേയമാണ്. ഹിന്ദി നിര്‍ബന്ധമായും പഠിച്ചിരിക്കണമെന്ന് വ്യവസ്ഥയുള്ള ത്രിഭാഷാ വിദ്യാഭ്യാസ നയം പാലിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. എന്നാൽ തമിഴ്‌നാട് ഈ നയം അംഗീകരിച്ചിട്ടില്ല. ത്രിഭാഷാ വിദ്യാഭ്യാസം നടപ്പാക്കാത്ത സംസ്ഥാനങ്ങള്‍ക്ക് സമഗ്ര ശിക്ഷാ ഫണ്ടുകള്‍ തടഞ്ഞുവയ്ക്കുമെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ പ്രസ്താവനയ്ക്ക് പിന്നാലെ തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. പിന്നാലെ തമിഴ് സാംസ്‌കാരികതയ്ക്ക് മേല്‍, ഹിന്ദി അടിച്ചേല്‍പിക്കുന്നതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെ മാതൃഭാഷയായ തമിഴിനെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ നയങ്ങളും തമിഴ്നാട് സർക്കാർ പ്രാഫല്യത്തിൽ കൊണ്ടുവന്നിരുന്നു. അതിൻ്റെ ഭാഗമായി തമിഴ് ഭാഷയുടെ പ്രചാരണം ശക്തമാക്കാനായി രുന്നു സംസ്ഥാന ബജറ്റിൽ കോടികൾ ചെലവ് വരുന്ന പദ്ധതികൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ മുക്കിക്കും മൂലയിലും തമിഴ് പുസ്തക മേളകൾ സംഘടിപ്പിക്കുക, രാജ്യത്തിന് പുറത്ത് ദുബൈയിലും സിംഗപ്പൂരിലും പുസ്തകമേള, മധുരൈയിൽ ഭാഷാ മ്യൂസിയം, മെഡിക്കൽ-എഞ്ചിനീയറിങ് പാഠ്യപുസ്തകങ്ങൾ തമിഴിലേക്ക് മാറ്റുക തുടങ്ങി നിരവധി പദ്ധതികളായിരുന്ന തമിഴ്നാട് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നത്. കേന്ദ്രവുമായുള്ള ഭാഷാപ്പോര് കടുത്ത പശ്ചാത്തലത്തിൽ തമിഴ്‌നാട് രൂപയുടെ ചിഹ്നവും തമിഴിലേയ്ക്ക് മാറ്റിയിരുന്നു. സംസ്ഥാന ബജറ്റിന്റെ പോസ്റ്ററുകളിൽ രൂപയുടെ ചിഹ്നം തമിഴിലാക്കി കൊണ്ടായിരുന്നു മറ്റൊരു പ്രതിഷേധം. ദേവനാഗരി ലിപിയിലെ ‘ര‘ എന്ന അക്ഷരമാണ് രൂപയ്ക്ക് പകരം തമിഴ് ലിപിയിലേക്ക് സർക്കാർ മാറ്റിയെഴുതിയത്.
WE ONE KERALA -NM
Post a Comment