സംസ്ഥാന സര്‍ക്കാറിന്റെ ഓണം വാരാഘോഷത്തിന് സമാപനമാകുന്നു. സാംസ്‌കാരിക ഘോഷയാത്ര ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ മാനവീയം വീഥിയില്‍ ഫ്ളാഗ് ഓഫ് ചെയ്തു. സമാപനഘോഷയാത്ര വീക്ഷിക്കുന്നതിനായി മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വിവിഐപി പവലിയനില്‍ എത്തി. വര്‍ണാഭമായ ഘോഷയാത്രക്കാണ് തലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.
വെള്ളയമ്പലത്തു നിന്നും ആരംഭിച്ച് കിഴക്കേകോട്ടയില്‍ അവസാനിക്കുന്ന ഘോഷയാത്രയില്‍ ആയിരത്തില്‍പ്പരം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സാംസ്‌കാരിക കലാരൂപങ്ങളാണ് അണിനിരങ്ങുന്നത്. ഘോഷയാത്രയെ വര്‍ണാഭാമാക്കി മാറ്റിയിരിക്കുകയാണ് നിരവധി ഫ്‌ലോട്ടുകളും.
സെപ്റ്റംബര്‍ മൂന്നിന് ആരംഭിച്ച ഓരാഴ്ച കാലം നീണ്ടു നിന്ന സംസ്ഥാന സര്‍ക്കാറിന്റെ ഓണം വാരാഘോഷത്തിനാണ് ഇന്ന് സമാപനമാകുന്നത്. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച്, കൃത്രിമത്വം ഒഴിവാക്കിയ, ആനുകാലിക പ്രാധാന്യമുള്ള ഫ്ളോട്ടുകളാണ് ഘോഷയാത്രയില്‍ ഉള്ളത്.
വിവിഐപി, വിഐപി പവലിയനുകള്‍ക്ക് മുന്നിലും, മ്യൂസിയം ഗേറ്റിന് സമീപത്തെ പ്രത്യേക സ്റ്റേജിലും കലാരൂപങ്ങള്‍ അവതരിപ്പിക്കും. വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഘോഷയാത്ര വീക്ഷിക്കുന്നതിനായി വിവിഐപി. പവലിയനു സമീപമായി പ്രത്യേക പവലിയനും ഒരുക്കിയിട്ടുണ്ട്.




0 Comments