‘സ്മാര്‍ട്ട് ക്ലാസ് മുറികളും റോബോട്ടിക് ലാബുകളും ഉള്ള പൊതുവിദ്യാലയങ്ങള്‍ ഇന്ന് അതിശയോക്തിയല്ല’: മുഖ്യമന്ത്രി


പൊതുവിദ്യാഭ്യാസ രംഗത്തിന്റെ സമഗ്രമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ‘വിഷന്‍ 2031’ സെമിനാറിന്റെ പൊതുവിദ്യാഭ്യാസതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. പൊതുവിദ്യാഭ്യാസ മേഖലയിലെ അക്കാദമിക രംഗത്തും അടിസ്ഥാന സൗകര്യ രംഗത്തും സമാനതകളില്ലാത്ത മുന്നേറ്റം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. 5,000 കോടിയോളം രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നമ്മുടെ വിദ്യാലയങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്മാര്‍ട്ട് ക്ലാസ് മുറികളും റോബോട്ടിക് ലാബുകളും ഉള്ള പൊതുവിദ്യാലയങ്ങള്‍ ഇന്ന് അതിശയോക്തിയല്ല എന്നും ഉദ്‌ഘാടന ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

നമ്മുടെ നാട് കൈവരിച്ച സാമൂഹിക പുരോഗതിയുടെ തുടർച്ചയായി 2031 ആവുമ്പോഴേക്കും ലോകം ഉറ്റുനോക്കുന്ന ഇടമായി കേരളത്തെ മാറ്റിത്തീർക്കുന്നതിനായി ‘വിഷന്‍ 2031’ എന്ന പേരില്‍ സംസ്ഥാനതല സെമിനാറുകള്‍ സംഘടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഇന്ന് തിരുവനന്തപുരത്ത് പൊതുവിദ്യാഭ്യാസതല സെമിനാർ ഉദ്‌ഘാടനം ചെയ്തത്.ഐക്യകേരളത്തിൽ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഇഎംഎസ് സർക്കാർ പൊതുവിദ്യാഭ്യാസ രംഗത്തെ വിപ്ലവാത്മകമായി ഉടച്ചുവാർക്കുകയുണ്ടായി. പിന്നീടിങ്ങോട്ട് വന്ന പുരോഗമന സര്‍ക്കാരുകളെല്ലാം പൊതുവിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കുകയാണ് ചെയ്തത്. അതിന്റെ തുടര്‍ച്ച ഏറ്റെടുക്കുകയാണ് കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരും ഈ സര്‍ക്കാരും ചെയ്തത്. ഇപ്പോള്‍ പൊതുവിദ്യാഭ്യാസ മേഖലയിലെ അക്കാദമിക രംഗത്തും അടിസ്ഥാന സൗകര്യ രംഗത്തും സമാനതകളില്ലാത്ത മുന്നേറ്റം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. 5,000 കോടിയോളം രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നമ്മുടെ വിദ്യാലയങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട്. സ്മാര്‍ട്ട് ക്ലാസ് മുറികളും റോബോട്ടിക് ലാബുകളും ഉള്ള പൊതുവിദ്യാലയങ്ങള്‍ ഇന്ന് അതിശയോക്തിയല്ല. ഈ നേട്ടങ്ങളെയും മാറ്റങ്ങളെയും കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് പുതിയ കാലത്തിന്റെ ഭാവുകത്വങ്ങൾക്കനുസരിച്ച് ഒരു നവകേരളം സൃഷ്ടിക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. വിജ്ഞാനവും നൈപുണിയും ഉൾച്ചേർന്ന ഒരു വിജ്ഞാന സമൂഹമായി കേരളത്തെ പരിവർത്തിപ്പിക്കാൻ ഇടപെടലുകളുമായി മുന്നോട്ടുപോവുകയാണ് എൽഡിഎഫ് സർക്കാർ. ഈ മാറ്റങ്ങളുടെ പതാകവാഹകരായി നമ്മുടെ വിദ്യാലയങ്ങൾ മാറണം. പൊതുവിദ്യാഭ്യാസ രംഗത്തിന്റെ സമഗ്രമായ മാറ്റങ്ങൾക്ക് ഇന്ന് നടന്ന സെമിനാർ വഴിയൊരുക്കും.



Post a Comment

Previous Post Next Post

AD01