തളിപ്പറമ്പ്∙ നഗരമധ്യത്തിൽ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിന്റെ ഉറവിടത്തിനായി അന്വേഷണം തുടങ്ങി. തീപിടിത്തമുണ്ടായതായി ആദ്യം കണ്ടെത്തിയ മാക്സ്ട്രോ എന്ന കടയുടെ മുൻപിലുള്ള ട്രാൻസ്ഫോമറിൽനിന്നുള്ള തീ സ്ഥാപനത്തിലേക്കു പടർന്നെന്നാണ് കടയുടമ ഏഴാംമൈൽ കാക്കാഞ്ചാൽ സ്വദേശി പി.പി.മുഹമ്മദ് റിഷാദ് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്. 50 കോടിയോളം രൂപയുടെ നഷ്ടം വ്യാപാര സാധനങ്ങൾക്കു സംഭവിച്ചുവെന്നും പരാതിയിൽ പറയുന്നു. ട്രാൻസ്ഫോമറിൽ നിന്നാണോ കടയിലെ എസി യൂണിറ്റിലെ ഷോർട് സർക്കീറ്റാണോ തീപിടിത്തത്തിനു കാരണമെന്നറിയാൻ ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റും അന്വേഷണം ആരംഭിച്ചു. അഗ്നിരക്ഷാസേനയും റവന്യു വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെ.വി.കോംപ്ലക്സിലെ 40 സ്ഥാപനങ്ങളാണ് കത്തിയമർന്നത്. 83 മുറികൾ കത്തിനശിച്ചു. 24 മുറികളിലായി പ്രവർത്തിക്കുന്ന ഷാലിമാർ സ്റ്റോറിനാണ് കൂടുതൽ നഷ്ടം. 2 കോടിയോളം രൂപയുടെ നഷ്ടം ഇവർക്കു മാത്രം സംഭവിച്ചതായി കണക്കാക്കുന്നു. 2 നിലകളിലായി ഉണ്ടായിരുന്ന സ്ഥാപനത്തിൽ ഒന്നും ബാക്കിയില്ല. മിക്ക കടകളുടെയും ഷട്ടറുകൾ നശിച്ചു. ചുവരുകൾ വിണ്ടുകീറി. കെ.വി.കോംപ്ലക്സിനോട് ചേർന്നു തീപിടിക്കാത്ത കടകളുടെ ചുമരുകൾക്കും പലയിടത്തായി വിള്ളലുണ്ട്. ബസ് സ്റ്റാൻഡിനു സമീപത്തെ കെ.വി.ഷോപ്പിങ് കോംപ്ലക്സിൽ വ്യാഴാഴ്ച വൈകിട്ട് അഞ്ചിനാണു തീപിടിത്തമുണ്ടായത്. മൂന്നു മണിക്കൂറിനു ശേഷമാണ് തീ അണയ്ക്കാനായത്. ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പി.എം.ഷീജ, ഡപ്യൂട്ടി ഇൻസ്പെക്ടർ സി.എം.റൗലത്ത്, അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ സദാനന്ദൻ, ധനീഷ് കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലും അന്വേഷണം. ആരംഭിച്ചു ട്രാൻസ്ഫോമറിലെ ഡാറ്റയും മറ്റു വിവരങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. പരിസരങ്ങളിൽ ഉണ്ടായിരുന്നവരുടെ മൊഴികളും ശേഖരിക്കും കടകളിലെ വൈദ്യുതി ഉപകരണങ്ങളും മീറ്ററുകളും പരിശോധിക്കുമെന്നും വൈദ്യുതി വകുപ്പ് അധികൃതർ പറഞ്ഞു. അഗ്നിബാധയിൽ നശിച്ച കെ.വി. കോംപ്ലക്സിലെ കടകളിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിലും പരിശോധന നടന്നു. പൊലീസ്, ഫൊറൻസിക്, റവന്യു വിഭാഗങ്ങളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡിവൈഎസ്പി കെ. ഇ പ്രേമചന്ദ്രൻ, ഇൻസ്പെക്ടർ ബാബുമോൻ, എസ്ഐ കെ.ദിനേശൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം പരിശോധന നടത്തി. അഗ്നിബാധയുടെ സ്വഭാവവും കാരണങ്ങളും കണ്ടെത്താനായിരുന്നു പരിശോധന. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തു നിന്നു സാംപിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. തഹസിൽദാർ പി. സജീവന്റെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥർ നാശനഷ്ടം വിലയിരുത്തി. ഉടൻ തന്നെ ആർഡിഒ വഴി ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് റവന്യു അധികൃതർ അറിയിച്ചു. വിവിധ വകുപ്പുകളുടെ റിപ്പോർട്ടുകൾ തയാറാക്കി സർക്കാരിനു സമർപ്പിക്കും.
.jpg)




إرسال تعليق