വീണ്ടും അഭിമാനദൗത്യത്തിനൊരുങ്ങി പിഎസ്എല്‍വി; ‘അന്വേഷ’യെ ഭ്രമണപഥത്തിലെത്തിക്കുക ലക്ഷ്യം

 


ഐഎസ്ആര്‍ഒയുടെ അഭിമാനമായ പിഎസ്എല്‍വി പുതിയ ദൗത്യത്തിന്. ഈ മാസം 12ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹമായ അന്വേഷ ഉള്‍പ്പെടെ 19 പേലോഡുകളെയും വഹിച്ചാണ് പിഎസ്എല്‍വി സി62 കുതിച്ചുയരുക. 2025 മെയ് 18നായിരുന്നു ഏറ്റവും ഒടുവില്‍ പിഎസ്എല്‍വി വിക്ഷേപിച്ചത്. വിക്ഷേപണത്തിന്റെ മൂന്നാം ഘട്ടത്തിലുണ്ടായ സാങ്കേതിക തകരാറ് കാരണം ആ ദൗത്യം പരാജയപ്പെട്ടിരുന്നു. എന്നാല്‍ 2026 ന്റ തുടക്കത്തില്‍ തന്നെ പുതിയ ദൗത്യം നടത്തി പിഎസ്എല്‍വിയെ വിജയവഴിയില്‍ തിരികെയെത്തിക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ അഥവാ പിഎസ്എല്‍വിയുടെ അറുപത്തിനാലാമത് വിക്ഷേപണമാണ് തിങ്കളാഴ്ച നടക്കാന്‍ പോകുന്നത്..ഇന്ത്യന്‍ ഉപഗ്രഹം അന്വേഷയെ ഭ്രമണപഥത്തിലെത്തിക്കുക എന്നതാണ് ദൗത്യത്തിന്റെ മുഖ്യലക്ഷ്യം. കൃഷി, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ വിദൂരസംവേദനം, മാപ്പിങ്, ദേശീയ സുരക്ഷ തുടങ്ങിയവയെ ശക്തിപ്പെടുത്താനായി തദ്ദേശീയമായി വികസിപ്പിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമാണ് അന്വേഷ. കൂടാതെ സ്വകാര്യ കമ്പനികളുടേതുള്‍പ്പെടെ പതിനെട്ട് ചെറു പേലോഡുകളേയും പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിക്കും. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓര്‍ബിറ്റ്എയിഡ് എയ്റോസ്പേസിന്റെ ആയുള്‍സാറ്റ്, ഇന്തോ-മൗറീഷ്യസ് ജോയിന്റ് സാറ്റലൈറ്റ്, സ്പെയിനില്‍ നിന്നുള്ള കിഡ് തുടങ്ങിയവയെയാണ് പിഎസ്എല്‍വി വഹിക്കുക.അതീവ ശ്രദ്ധയോടെയാണ് ഐഎസ്ആര്‍ഒ തിങ്കളാഴ്ചത്തെ ദൗത്യത്തെ നോക്കിക്കാണുന്നത്. ചെറു-ഇടത്തരം ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് ലോകത്തിലെ ഏറ്റവും വിശ്വാസയോഗ്യമായ റോക്കറ്റ് പിഎസ്എല്‍വി തന്നെയെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുക എന്നതാണ് ലക്ഷ്യം ഒപ്പം വളരെ വേഗം വളരുന്ന സ്വകാര്യ-വിദേശ ബഹിരാകാശ പദ്ധതികളില്‍ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുക എന്നതും.



Post a Comment

Previous Post Next Post

AD01