18 വർഷത്തെ നിയമക്കുരുക്കിൽ നിന്നും ഒടുവിൽ മോചനം; ‘സ്വപ്നമാളിക’ കേസിൽ മോഹൻലാലിനും ആന്‍റണി പെരുമ്പാവൂരിനും ക്ലീൻചിറ്റ്


‘സ്വപ്നമാളിക’ കേസിലെ 18 വർഷത്തെ നിയമക്കുരുക്കിൽ നിന്നും സൂപ്പർ താരം മോഹൻലാലിനും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനും ഒടുവിൽ മോചനം. വഞ്ചനാക്കുറ്റ ആരോപണങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി കേസ് തള്ളുകയായിരുന്നു. കോഴിക്കോട് അഞ്ചാം അഡീഷണൽ സെഷൻസ് ജഡ്ജി ജാനിസ് സ്റ്റീഫനാണ് കേസ് തള്ളിയത്. 2007 മാർച്ച് 29 നാണ് ‘സ്വപ്നമാളിക’ എന്ന സിനിമയുടെ ആവശ്യത്തിനായി 30 ലക്ഷം രൂപയുടെ ചെക്ക് കൈപ്പറ്റിയെന്നും എന്നാൽ പിന്നീട് സിനിമയുമായി സഹകരിക്കാതെ വഞ്ചിച്ചുവെന്നും പരാതി നൽകി സംവിധായകനും അഭിഭാഷകനുമായിരുന്ന കെഎ ദേവരാജൻ കോടതിയെ സമീപിക്കുന്നത്. 2025 ഏപ്രിലിൽ പരാതിക്കാരനായ കെഎ ദേവരാജൻ മരിച്ചു. പരാതിക്കാരൻ മരിച്ചെങ്കിലും ലഭ്യമായ എല്ലാ രേഖകളും തെളിവുകളും പരിശോധിച്ച ശേഷമാണ് കോടതി കേസ് തള്ളിയതും മോഹൻലാലിനെയും ആന്റണി പെരുമ്പാവൂരിനെയും കുറ്റവിമുക്തരാക്കിയതും. പരാതിയിൽ കഴമ്പില്ലെന്നും വ്യക്തമായ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു. നിലവിൽ ജിത്തു ജോസഫ് ചിത്രമായ ‘ദൃശ്യം 3’യുടെ തിരക്കിലാണ് മോഹൻലാൽ.



Post a Comment

أحدث أقدم

AD01