സംസ്ഥാനത്തിന്റെ സമുദ്ര-വ്യാവസായിക മേഖലയില്‍ വലിയ കുതിപ്പിന് വഴിതുറന്നുകൊണ്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് 2000 കോടി രൂപയുടെ ബൃഹത്തായ ലോജിസ്റ്റിക്സ് മാസ്റ്റർ പ്ലാൻ അവതരിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വിഴിഞ്ഞം ഇന്റർനാഷണല്‍ സീപോർട്ട് ലിമിറ്റഡ് (VISL), പ്രമുഖ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഐ.ഒ.സി.എല്‍ (IOCL), കോണ്‍കോർ (CONCOR), സി.ഡബ്ല്യു.സി (CWC) എന്നിവയുമായി ധാരണാപത്രം ഒപ്പുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നിയമസഭയിലെ അദ്ദേഹത്തിന്റെ ചേംബറിലായിരുന്നു കരാർ ഒപ്പിടല്‍ ചടങ്ങ് നടന്നത്. വെറുമൊരു തുറമുഖ നിർമ്മാണം എന്നതിനപ്പുറം വിഴിഞ്ഞത്തെ പൂർണ്ണതോതിലുള്ള ഒരു സാമ്പത്തിക വികസന കേന്ദ്രമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. തുറമുഖാധിഷ്ഠിത വ്യാവസായിക ആവാസവ്യവസ്ഥയെ (port-led industrial ecosystem) ശക്തിപ്പെടുത്തുന്നതിലൂടെ സംസ്ഥാനത്തിന്റെ സാമ്ബത്തിക പരിവർത്തനത്തില്‍ വിസില്‍ (VISL) നിർണ്ണായക പങ്ക് വഹിക്കും. തുറമുഖം പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണ് (PPP) പ്രവർത്തിക്കുന്നതെങ്കിലും, കപ്പലുകള്‍ക്കാവശ്യമായ ഇന്ധനം, ചരക്ക് നീക്കത്തിനുള്ള റെയില്‍ ഗതാഗതം തുടങ്ങിയ തന്ത്രപ്രധാന സംവിധാനങ്ങള്‍ പൊതുമേഖലയില്‍ തന്നെ നിലനിർത്തുന്ന രീതിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ചരക്ക് കൈമാറ്റത്തിലെ കുത്തകവല്‍ക്കരണം തടയാനും വ്യാപാരികള്‍ക്ക് ന്യായമായ നിരക്ക് ലഭ്യമാക്കാനും സമുദ്ര സുരക്ഷ ഉറപ്പാക്കാനും ഈ 'കേരള മാതൃക' സഹായിക്കും.
2000 കോടിയുടെ പദ്ധതികള്‍ ഇങ്ങനെ:
ഇന്ധന ഹബ്ബ് (ഐ.ഒ.സി.എല്‍ - ₹700 കോടി): വിഴിഞ്ഞത്തെത്തുന്ന കൂറ്റൻ കപ്പലുകള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിനായി വൻകിട ബങ്കറിങ് സിലിറ്റികള്‍ ഐ.ഒ.സി.എല്‍ നിർമ്മിക്കും. ഇതോടെ ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന ഹബ്ബായി വിഴിഞ്ഞം മാറും. ഗതാഗത ശൃംഖല (കോണ്‍കോർ - ₹600 കോടി): റെയില്‍ വഴി ചരക്കുകള്‍ രാജ്യമെമ്ബാടും എത്തിക്കുന്നതിനായി കണ്ടെയ്‌നർ ഡിപ്പോകളും ചരക്ക് നീക്ക സംവിധാനങ്ങളും (ICD & CFS) കോണ്‍കോർ വികസിപ്പിക്കും. ലോജിസ്റ്റിക് പാർക്ക് (സി.ഡബ്ല്യു.സി - ₹700 കോടി): അത്യാധുനിക മള്‍ട്ടി-മോഡല്‍ ലോജിസ്റ്റിക്സ് പാർക്ക്, വൻകിട ഗോഡൗണുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍ എന്നിവ സി.ഡബ്ല്യു.സി സജ്ജീകരിക്കും. സർക്കാരിന് സാമ്ബത്തിക ബാധ്യതകളില്ലാതെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ, വകുപ്പ് സെക്രട്ടറി ഡോ. എ. കൗശിഗൻ, വിസില്‍ എം.ഡി ഡോ. ദിവ്യ എസ് അയ്യർ എന്നിവരും വിവിധ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു
.jpg)



Post a Comment