അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകർത്തുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഓണ്‍ലൈന്‍ ഹാന്‍ഡിലുകള്‍ക്കെതിരെ പേരാമ്പ്ര എംഎല്‍എ ഫാത്തിമ തഹ്‌ലിയ. യാതൊരു തിരിച്ചറിയല്‍ അടയാളങ്ങളുമില്ലാതെ 'മീഡിയ' എന്ന പേരില്‍ ചിലര്‍ പരിപാടികളില്‍ ഇടപെടുകയും ചിത്രീകരണങ്ങള്‍ നടത്തുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഫാത്തിമ തഹ്‌ലിയ പറഞ്ഞു. സംഘാടകര്‍ നിയോഗിച്ചവര്‍ ആരാണെന്നും അനധികൃതമായി ഇടപെടുന്നവര്‍ ആരാണെന്നും പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'ഈ സാഹചര്യത്തെ ദുരുപയോഗം ചെയ്ത്, വ്യക്തിപരമായ സംഭാഷണങ്ങളും സ്വാഭാവിക ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും വളച്ചൊടിച്ച ദൃശ്യങ്ങളാക്കി പകര്‍ത്തി, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണ്. സാധാരണ ജീവിതത്തിലെ ലളിതമായ നിമിഷങ്ങളെ പോലും വിചിത്രവും ഉദ്ദേശ്യബോധമുള്ളതുമായ ക്യാപ്ഷനുകള്‍ നല്‍കി sensationalize ചെയ്യുകയും, അനാവശ്യ പ്രതികരണങ്ങളും നെഗറ്റിവിറ്റിയും സൃഷ്ടിക്കുകയും, അതിനെ monetise ചെയ്ത് ലാഭമാക്കുകയും ചെയ്യുന്ന പ്രവണത അതീവ അപലപനീയമാണ്', ഫാത്തിമ തഹ്‌ലിയ പറഞ്ഞു.ഇത്തരം ചാനലുകള്‍ എന്റെ പി ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന തരത്തില്‍ പ്രചരിക്കുന്ന തെറ്റിദ്ധാരണകള്‍ക്കും യാതൊരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമായി അറിയിക്കുന്നു. മനുഷ്യന്റെ സ്വകാര്യത ലംഘിക്കുകയും, ഉദ്ദേശപൂര്‍വ്വം അപമാനിക്കാനും പ്രകോപിപ്പിക്കാനും ശ്രമിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും ഉള്‍ക്കൊള്ളാനാവില്ല. ഇത്തരത്തിലുള്ള പാപ്പരാസി രീതികള്‍ തുടര്‍ന്നാല്‍, അത് വ്യക്തമായ നിയമനടപടി സ്വീകരിക്കുമെന്നും തഹ്‌ലിയ പറഞ്ഞു.





0 Comments