സീയാറ്റിലിൽ പൊലീസ് വാഹനമിടിച്ച് ഇന്ത്യൻ വിദ്യാർത്ഥിനിയുടെ മരണം: കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം


സിയാറ്റിലിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിനി പൊലീസ് പട്രോൾ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ കുടുംബത്തിന് സീയാറ്റിൽ നഗരസഭ 29 ദശലക്ഷം ഡോളർ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം നൽകും. നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്ന ജാഹ്‌നവി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥനായ കെവിൻ ഡേവ് ഓടിച്ച വാഹനമിടിച്ച് അപകടമുണ്ടായത്. 2023-ൽ ആയിരുന്നു സംഭവം. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ഒരു എമർജൻസി കോളിനോട് പ്രതികരിക്കാൻ പോകുകയായിരുന്നു ഓഫീസർ കെവിൻ ഡേവ്. മണിക്കൂറിൽ 25 മൈൽ വേഗത നിശ്ചയിച്ചിട്ടുള്ള മേഖലയിലൂടെ മണിക്കൂറിൽ 74 മൈൽ വേഗതയിൽ വാഹനമോടിച്ചാണ് ഇയാൾ ജാഹ്‌നവിയെ ഇടിച്ചത്. ഈ സമയം വാഹനത്തിന്റെ സൈറണും എമർജൻസി ലൈറ്റുകളും പ്രവർത്തിച്ചിരുന്നു. ജാഹ്‌നവിയുടെ മരണം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും ഈ നഷ്ടപരിഹാരം കുടുംബത്തിന് ഒരു ആശ്വാസമാകുമെന്ന് കരുതുന്നതായും സിറ്റി അറ്റോർണി എറിക്ക ഇവാൻസ് പ്രസ്താവനയിൽ അറിയിച്ചു. ജാഹ്‌നവിയുടെ മരണത്തിന് പിന്നാലെ സീയാറ്റിൽ പോലീസ് ഡിപ്പാർട്ട്‌മെന്റിലെ മറ്റൊരു ഉദ്യോഗസ്ഥനായ ഡാനിയൽ ഓഡററുടെ ബോഡി ക്യാമറ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ജാഹ്‌നവിയുടെ മരണത്തെ പരിഹസിച്ചുകൊണ്ട് അവളുടെ ജീവിതത്തിന് “പരിമിതമായ മൂല്യം” മാത്രമേയുള്ളൂവെന്നും നഗരസഭ ഒരു “ചെക്ക് എഴുതി നൽകിയാൽ” മതിയെന്നും ഇയാൾ ചിരിച്ചുകൊണ്ട് പറയുന്നത് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. ഇന്ത്യയിൽ നിന്നുള്ള നയതന്ത്രജ്ഞർ ഉൾപ്പെടെയുള്ളവർ സംഭവത്തിൽ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. വിവാദ പരാമർശം നടത്തിയ ഡാനിയൽ ഓഡററെ പിന്നീട് സർവീസിൽ നിന്ന് പിരിച്ചുവിട്ടു. അമിതവേഗതയിൽ വാഹനമോടിച്ച ഓഫീസർ കെവിൻ ഡേവിനെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്താൻ പ്രോസിക്യൂട്ടർമാർ വിസമ്മതിച്ചു. ഇയാൾ മനഃപൂർവ്വം സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് തെളിയിക്കാൻ കഴിയില്ലെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നിരുന്നാലും, അശ്രദ്ധമായി വാഹനമോടിച്ചതിന് ഇയാൾക്ക് 5,000 ഡോളർ പിഴ ശിക്ഷ വിധിക്കുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. നഷ്ടപരിഹാര തുകയായ 29 ദശലക്ഷം ഡോളറിൽ 20 ദശലക്ഷം ഡോളർ ഇൻഷുറൻസ് മുഖേനയാണ് കണ്ടെത്തുന്നത്. കിംഗ് കൗണ്ടി സുപ്പീരിയർ കോടതിയിലാണ് സെറ്റിൽമെന്റ് സംബന്ധിച്ച രേഖകൾ സമർപ്പിച്ചിരിക്കുന്നത്.



Post a Comment

Previous Post Next Post

AD01