കേരള സ്റ്റോറി 2: സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

 


വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച ‘കേരള സ്റ്റോറി 2’ എന്ന സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിനിമ നേരിൽ കണ്ട് ഉള്ളടക്കം വിലയിരുത്തുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സിനിമ കാണുന്നതിനുള്ള തീയതിയും സമയവും കോടതി ഇന്ന് അറിയിക്കും. കേരളത്തെ വർഗീയതയുടെയും മതപരിവർത്തനത്തിന്റെയും കേന്ദ്രമായി ചിത്രീകരിച്ച് അപകീർത്തിപ്പെടുത്താനാണ് സിനിമ ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് കോടതിയെ സമീപിച്ചത്..കേരളത്തിലെ ജനങ്ങളുടെ ആശങ്കകൾ അവഗണിക്കാനാവില്ലെന്നും സംസ്ഥാനത്തിന്റെ പേര് സിനിമയ്ക്ക് നൽകിയിട്ടുള്ളതിനാൽ വിഷയം ഗൗരവകരമാണെന്നും കോടതി നിരീക്ഷിച്ചു. കേരളം വിവിധ സമുദായങ്ങൾ സഹവർത്തിത്വത്തോടെ കഴിയുന്ന ഒരു മതേതര സമൂഹമാണെന്നും, യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ നിർമ്മിച്ചതെന്ന വാദം കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു..സിനിമയുടെ വിവാദ ടീസർ പിൻവലിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും നിർമ്മാതാക്കൾ ആദ്യം അത് അംഗീകരിച്ചെങ്കിലും പിന്നീട് വിശദീകരണവുമായി വന്നിരുന്നു. സിനിമയിലെ ആരോപണങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണെങ്കിൽ അത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന നിരീക്ഷണത്തോടെയാണ് കോടതി സിനിമ കാണാൻ തീരുമാനിച്ചത്. വരും ദിവസങ്ങളിൽ സിനിമയുടെ പ്രദർശനാനുമതി സംബന്ധിച്ച് ഹൈക്കോടതിയിൽ നിന്ന് നിർണ്ണായകമായ ഉത്തരവ് ഉണ്ടാകാനാണ് സാധ്യത.






Post a Comment

أحدث أقدم

AD01