ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ സഹവാസ ക്യാമ്പിന് എ.കെ.ജി സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. ജില്ലയിലെ 185 സ്‌കൂളുകള്‍ക്കുള്ള അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണം കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് ഓണ്‍ലൈനായി നിര്‍വഹിച്ചു. സബ്ജില്ലാ ക്യാമ്പുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 96 കുട്ടികള്‍ക്കാണ് പ്രോഗ്രാമിംഗിലും ത്രിമാന അനിമേഷന്‍ മേഖലയിലുമായി വിദഗ്ദ പരിശീലനം നല്‍കുന്നത്. ചാന്ദ്രയാന്‍ മൂന്ന് ദൗത്യത്തിലെ പ്രഗ്യാന്‍ റോവറിനെ ഭൂമിയിലിരുന്ന് നിയന്ത്രിച്ച് ചന്ദ്രനില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചതിന് സമാനമായ സാങ്കേതിക വിദ്യകള്‍ കുട്ടികള്‍ക്ക് വശമാക്കാന്‍ ക്യാമ്പില്‍ അവസരമൊരുക്കിയിട്ടുണ്ട്. ഐഎസ്ആര്‍ഒയും നാസയും റോവറുകളെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന സാങ്കേതിക തത്ത്വങ്ങളാണ് ക്യാമ്പിലെ പ്രോഗ്രാമിങ് സെഷനുകളുടെ അടിസ്ഥാനം. കുറഞ്ഞ ബാന്‍ഡ്വിഡ്ത്തിലും ഐ.ഒ.ടി ഉപകരണങ്ങള്‍ തമ്മില്‍ മികച്ച രീതിയില്‍ ആശയവിനിമയം നടത്താനും സഹായിക്കുന്ന പ്രോട്ടോക്കോള്‍ ഉപയോഗിച്ചാണ് കുട്ടികള്‍ ഉപകരണങ്ങള്‍ തയ്യാറാക്കുന്നത്. ഗ്രഹങ്ങള്‍, ഖനികള്‍, കുഴല്‍ക്കിണറുകള്‍, മാന്‍ഹോളുകള്‍ തുടങ്ങി മനുഷ്യര്‍ക്ക് നേരിട്ട് എത്താന്‍ പ്രയാസമുള്ള ഇടങ്ങളില്‍ പരീക്ഷണങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന വിദൂര നിയന്ത്രിത റോവര്‍ ഉപകരണങ്ങളുടെ സാങ്കേതിക വിദ്യയാണ് കുട്ടികള്‍ ക്യാമ്പിലൂടെ പരിചയപ്പെടുന്നത്.സ്‌കൂളുകളിലേക്ക് വിതരണം ചെയ്ത പുതിയ അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകളില്‍ ഐ.ഒ.ടി സംവിധാനങ്ങള്‍ ഒരുക്കുന്നതിന് ആവശ്യമായ വൈഫൈ, ബ്ലൂടൂത്ത് സൗകര്യങ്ങളുള്ള ഇ.എസ്.പി 32 ഡെവലപ്‌മെന്റ് ബോര്‍ഡ്, അള്‍ട്രാസോണിക് ഡിസ്റ്റന്‍സ്, സോയില്‍ മോയിസ്ചര്‍, പി.ഐ.ആര്‍ മോഷന്‍, ലൈന്‍ ട്രാക്കിംഗ്, നാല് ഡബ്ല്യുഡി സ്മാര്‍ട്ട് കാര്‍ ഷാസി കിറ്റ്, സബ്‌മെഴ്‌സിബിള്‍ മിനി വാട്ടര്‍ പമ്പ് എന്നിവയുണ്ട്. ഇവ ഉപയോഗിച്ച് സ്മാര്‍ട്ട് ഇറിഗേഷന്‍ സംവിധാനങ്ങള്‍, കാഴ്ച പരിമിതര്‍ക്കുള്ള സ്മാര്‍ട്ട് ഉപകരണങ്ങള്‍, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ കുട്ടികള്‍ക്ക് നിര്‍മിക്കാനാകും. പ്രൊജക്ടുകള്‍ തയ്യാറാക്കുന്നതിനൊപ്പം ബ്ലോക്ക് കോഡിങ്, പൈത്തണ്‍, സി എന്നീ പ്രോഗ്രാമിംഗ് ഭാഷകള്‍ പ്രായോഗികമായി പഠിക്കാനും ഇതിലൂടെ അവസരമുണ്ട്. ക്യാമ്പ് നാളെ സമാപിക്കും.
ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ ക്യാമ്പുകള്‍ക്ക് തുടക്കം
WE ONE KERALA
0
.jpg)


Post a Comment