ശബരിമല യുവതീ പ്രവേശനം കേരളത്തിലെ വിഷയം; സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കട്ടെ: എം എ ബേബി


ആലപ്പുഴ: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കേണ്ടത് ഉണ്ടെങ്കില്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പാര്‍ട്ടിയോട് നിലപാട് ചോദിച്ചിട്ടില്ല. ഇത് കേരളത്തിലെ വിഷയമാണ്. സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ ഒഴിവാക്കാവുന്ന സംഘര്‍ഷം ഒഴിവാക്കും. എല്ലാ കാലത്തും മാറ്റങ്ങള്‍ ഉണ്ടാകണമെന്ന സമീപനം പാര്‍ട്ടി പിന്തുടര്‍ന്നിട്ടുണ്ട്. അതെല്ലാം ബന്ധപ്പെട്ട വിഭാഗങ്ങളെ ബോധ്യപ്പെടുത്തിയാകണം. അതാണ് പാര്‍ട്ടി സമീപനം. കൂടുതലൊന്നും പറയാനില്ല. കേരളത്തില്‍ സംഭവിക്കാന്‍ പോകുന്ന വിസ്മയം ഭരണത്തുടര്‍ച്ചയാണെന്നും എംഎ ബേബി കൂട്ടിച്ചര്‍ത്തു. പ്രേംകുമാര്‍ പാര്‍ട്ടി അംഗമല്ലെന്ന് വ്യക്തമാക്കിയ എംഎബേബി വിശാല അടിസ്ഥാനത്തില്‍ എന്നും സാംസ്‌കാരിക പ്രവര്‍ത്തകരെ സിപിഐഎം ഉള്‍കൊണ്ടിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. പുതിയ തലമുറയ്ക്ക് വഴി ഒരുക്കിയ നേതാവാണ് എന്‍ ശ്രീധരന്‍. ഇന്ന് പ്രസംഗിക്കാന്‍ തന്നെ വിളിച്ചോ പേര് അച്ചടിച്ചോ എന്നൊക്കെ ചില പാര്‍ട്ടി നേതാക്കള്‍ നോക്കാറുണ്ട്. അത്തരം വിഷയത്തില്‍ പുതിയ തലമുറയ്ക്ക് വഴി ഒരുക്കിയ നേതാവാണ് എന്‍ എസെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാര്‍ അടക്കമുള്ളവർ മാർച്ച് 14നകം നിലപാട് അറിയിക്കണമെന്നാണ് സുപ്രീംകോടതി നിർദ്ദേശിച്ചത്. ഏപ്രിലിൽ ഏഴിന് വിശദവാദം തുടങ്ങും. ശബരിമല യുവതീ പ്രവേശമുൾപ്പെടെ മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിവിധ ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതി നിർദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഏഴ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനായി ചീഫ് ജസ്റ്റിസ് അധ്യക്ഷനായി ഒന്‍പതംഗ ബെഞ്ച് പുനസംഘടിപ്പിക്കും. ഒരു മാസത്തിനകം സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള കക്ഷികള്‍ വാദങ്ങള്‍ എഴുതി നല്‍കണം. അഭിഭാഷകനായ കെ പരമേശ്വറിനെ അമികസ് ക്യൂറിയായി സുപ്രിംകോടതി നിയോഗിച്ചു. പുനഃപരിശോധനാ ഹര്‍ജി നിലനില്‍ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. പുനഃപരിശോധനാ ഹര്‍ജികളെ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ എതിര്‍ക്കുകയായിരുന്നു എന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത നിലപാടെടുത്തു. പുനഃപരിശോധനാ ഹര്‍ജിയെ എതിര്‍ക്കുന്നവരുടെ വാദങ്ങള്‍ ഏപ്രില്‍ 14 മുതല്‍ ഏപ്രില്‍ 16 വരെ കേള്‍ക്കും. ഏപ്രില്‍ 21ന് മറുപടി സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ 22ഓടുകൂടി വാദം അവസാനിപ്പിക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം. ഒമ്പതംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് പ്രത്യേക ഉത്തരവിലൂടെ വിവരങ്ങള്‍ അറിയിക്കും.



Post a Comment

أحدث أقدم

AD01