വെള്ളം നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമാണ്. കൃത്യമായി, ആവശ്യമായ അളവിൽ ദിവസവും വെള്ളം നിർബന്ധമായും കുടിച്ചിരിക്കണം. ചിലർക്ക് വെള്ളം കുടിക്കുന്നതിന് വല്ലാത്ത മടിയാണ്. വെള്ളം കുടിച്ചാൽ വയറു ചാടുമോ എന്ന് ഭയക്കുന്നവരും ഉണ്ട്.
ഏത് കാലവസ്ഥയിലും, വേനൽക്കാലമോ മഞ്ഞുകാലമോ ആയാലും ശരീരത്തിന് മതിയായ വെള്ളം ലഭിക്കണം. മതിയായ അളവിൽ വെള്ളം കുടിച്ചില്ലെങ്കിൽ പണികിട്ടുക വൃക്കകൾക്ക് കൂടിയാണെന്ന് ഓർക്കണം.
ചില കൂട്ടരുണ്ട്, ഉറങ്ങുന്നതിന് മുൻപ് ധാരാളം വെള്ളം കുടിക്കുന്നവർ. പകൽ വെള്ളം കുടിക്കാൻ മറന്നുപോയാൽ, അത് പരിഹരിക്കാൻ അമിതമായ അളവിൽ രാത്രിയിൽ വെള്ളം കുടിക്കുകയാണ് ഇവരുടെ രീതി. എന്നാൽ ഈ ശീലം നിങ്ങളുടെ ശരീരത്തിനെ അപകടത്തിലാക്കുമെന്ന് അറിഞ്ഞിരിക്കുക. ഒരേസമയം വലിയൊരു അളവിൽ വെള്ളം കുടിക്കുന്നത് നന്നല്ല. ഇങ്ങനെ ചെയ്യുന്നത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കും. ഇത് രക്തത്തിലെ ഇലക്ട്രോലൈറ്റുകളെയും സ്വാധീനിക്കും. ഇതോടെ ക്ഷീണവും തളർച്ചയും അനുഭവപ്പെടുകയും തലകറക്കം അടക്കം ഉണ്ടാവുകയും ചെയ്യും.
ഒരു ദിവസം എത്ര ലിറ്റർ വെള്ളം കുടിക്കണമെന്നാണ് പലരെയും അലട്ടുന്ന ചോദ്യം. സ്ത്രീകൾ ഒരു ദിവസം 2.7 ലിറ്റർ വെള്ളം കുടിക്കണമെന്നാണ് പറയാറ്. പുരുഷന്മാർ 3.7 ലിറ്ററോളം ഒരു ദിവസം കുടിക്കണം. ഒരാളുടെ പ്രായം, ശരീരഭാരം തുടങ്ങിയവ ഈ അളവിനെ സ്വാധീനിക്കുന്ന ചില ഘടകങ്ങളാണ്. ഇവയ്ക്കനുസരിച്ച് കുടിക്കേണ്ട വെള്ളത്തിന്‍റെ അളവിൽ മാറ്റം വന്നേക്കാം.
വെള്ളം നേരിട്ട് കുടിക്കാന്‍ മടിയുള്ളവരാണെങ്കിൽ ജലാംശം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാം. കൂടാതെ തൈര്, സൂപ്പ്, സ്മൂത്തി എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതും ഗുണം ചെയ്യും. പച്ചവെള്ളമോ ചൂടുവെള്ളമോ കുടിക്കാൻ മടിയുള്ളവർക്ക് നാരങ്ങ, പുതിന തുടങ്ങിയവ ചേർത്ത വെള്ളം കുടിക്കാം. വൈകുന്നേരങ്ങളിൽ അമിതമായി വെള്ളം കുടിക്കുന്നത് ഒഴിവാക്കി പകരം സാലഡ്, സൂപ്പ് എന്നിവ അത്താഴത്തിൽ ഉൾപ്പെടുത്താം
.jpg)


Post a Comment