'ഏഴരപ്പൊന്നാന'യുടെ മാറ്റ് പരിശോധിക്കണം; ഭക്തന്‍റെ പരാതിയിൽ ഹെെക്കോടതി നിർദേശം


കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ 'ഏഴരപ്പൊന്നാന'യുടെ മാറ്റ് പരിശോധിക്കാൻ ഹൈക്കോടതി നിർദേശം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ക്ഷേത്രത്തിലെ രജിസ്റ്ററുകളും ഏഴരപ്പൊന്നാനയും നേരിട്ട് പരിശോധിക്കാനാണ് ഇടക്കാല ഉത്തരവ്. ഒരു ഭക്തന്‍ നല്‍കിയ പരാതിയില്‍ ഹൈക്കോടതി സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. ജസ്റ്റിസ് വി രാജ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഏഴരപ്പൊന്നാന പൊതിഞ്ഞിരുന്ന സ്വര്‍ണപ്പാളികളുടെ അറ്റകുറ്റപ്പണികളും നവീകരണ ജോലികളും നടത്തിയപ്പോൾ യഥാര്‍ഥ സ്വര്‍ണപ്പാളികള്‍ മാറ്റി ചെമ്പോ കുറഞ്ഞ മൂല്യമുള്ള മറ്റു ലോഹങ്ങളോ സ്ഥാപിച്ചെന്നായിരുന്നു പരാതി. എ ജി പ്രസാദ് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ നടപടികള്‍ ആരംഭിച്ചത്. കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലത്തോടൊപ്പം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറുടെയും അസി. ദേവസ്വം കമ്മിഷണറുടെയും റിപ്പോര്‍ട്ടുകളും ഹാജരാക്കിയിരുന്നു. അറ്റകുറ്റപ്പണി നടത്തിയതോ സ്വര്‍ണം അപഹരിച്ചതോ ആയ രേഖകളൊന്നും ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകളിലെ കണ്ടെത്തലുകള്‍ അവിശ്വസിക്കേണ്ട സാഹചര്യമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. തുടര്‍ന്നാണ് ബോര്‍ഡിന്റെ ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫിസര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്. പരിശോധനയ്ക്ക് സ്വര്‍ണപ്പണിക്കാരന്റെ സേവനവും ഉപയോഗിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അതേസമയം ഏറ്റുമാനൂരിലെ ഏഴരപ്പൊന്നാന പരിശോധന കോടതി നിര്‍ദേശപ്രകാരമാണെന്നും അത് നടക്കട്ടെ എന്നുമാണ് മുന്‍ ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ വിഷയത്തില്‍ പ്രതികരിച്ചത്. ശബരിമല സ്വര്‍ണ്ണക്കൊളള കേസിലും അദ്ദേഹത്തിന്റെ പ്രതികരണമുണ്ടായി. അന്വേഷണത്തില്‍ കോടതി ഇതുവരെ തൃപ്തിയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് വാസവന്‍ പറഞ്ഞു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോവുകയാണ്. അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത് താനാണെന്നും എസ്‌ഐടി യിലും, കോടതിയിലും പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.



Post a Comment

0 Comments