അരിപ്പൊടി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ഒറോട്ടി. വളരെ എളുപ്പത്തിലും കുറഞ്ഞ ചേരുവകൾ ഉപയോഗിച്ചും ഉണ്ടാക്കാൻ പറ്റുന്ന ഈ സ്നാക്ക് ബ്രേക്ക് ഫാസ്റ്റായും വൈകീട്ടത്തെ ചായയ്ക്കുള്ള പലഹാരമായും ഡിന്നറുമായെല്ലാം കഴിക്കാം. ഈ നോമ്പ് സീസണിൽ വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന നല്ല അടിപൊളി ഐറ്റം കൂടിയാണ് ഒറോട്ടി.
ആവശ്യമായ ചേരുകൾ
വറുത്ത അരിപ്പൊടി: 1 കപ്പ്
വെള്ളം: 2 കപ്പ്
ചിരകിയ തേങ്ങ: ¾ കപ്പ്
ഉപ്പ്: ½ ടീസ്പൂൺ
വെളിച്ചെണ്ണ/ നെയ്യ്: ½ ടേബിൾസ്പൂൺ
തയ്യാറാക്കുന്ന രീതി
ആദ്യം ഒരു പാനിൽ 2 കപ്പ് വെള്ളം എടുത്ത് അതിൽ ഉപ്പും വെളിച്ചെണ്ണയോ അല്ലെങ്കിൽ നെയ്യോ ചേർത്ത് നന്നായി തിളപ്പിക്കണം. വെള്ളം നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് ചിരകിയ തേങ്ങയും വറുത്ത അരിപ്പൊടിയും ചേർക്കാം. ഈ സമയത്ത് സ്റ്റൗ ഏറ്റവും കുറഞ്ഞ തീയിൽവയ്ക്കേണ്ടതാണ്.
മാവ് നന്നായി ഇളക്കി യോജിപ്പിച്ച്, വെള്ളം മുഴുവൻ വറ്റി മാവ് പരുവമായി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത് 10-12 മിനിറ്റ് ചൂടാറാനായി മാറ്റിവെക്കാം. ശേഷം കൈകൊണ്ട് കുഴക്കാൻ പറ്റുന്ന പരുവമാകുമ്പോൾ (മാവ് തണുക്കുന്നതിന് മുൻപ്) ഏകദേശം രണ്ട് മിനിറ്റ് നേരം നന്നായി കുഴച്ചെടുക്കുക.
പിന്നീട് മാവ് ചെറിയ ഉരുളകളാക്കി ബട്ടർ പേപ്പറിലോ വാഴയിലയിലോ വെച്ച് കൈകൊണ്ട് കനം കുറച്ച് പരത്തിയെടുക്കുക. കയ്യിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ കൈ ഒന്ന് നനയ്ക്കാവുന്നതാണ്. ഇങ്ങനെ പരത്തിയെടുക്കുന്ന ഒറോട്ടി ഒരു പാൻ ചൂടാക്കി അതിലേക്ക് ഇടുക. സ്റ്റൗ മീഡിയം ടു ഹൈ ഫ്ലെയിമിൽ വെക്കുക.
ആദ്യത്തെ വശം ഏകദേശം 3 മിനിറ്റ് വേവിച്ച് ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ മറിച്ചിടാം. രണ്ടാമത്തെ വശം ഏകദേശം 2 മിനിറ്റ് കൂടി വേവിക്കാം. ഏതെങ്കിലും കറികൾക്കൊപ്പമോ തേനിനൊപ്പമോ കഴിക്കാൻ നല്ലതാണ്.
.jpg)


Post a Comment