മുണ്ടക്കൈ – ചൂരൽമല: കടയുടമകൾക്കും സംരംഭകർക്കും കൈത്താങ്ങ്, നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ


വയനാട്ടിലെ മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട കടയുടമകൾക്കും സംരംഭകർക്കും കൈത്താങ്ങായി സംസ്ഥാന സർക്കാ‌ർ. ഉരുൾപൊട്ടലിൽ കനത്ത നാശനഷ്ടം നേരിട്ട കച്ചവ‌ടക്കാർക്ക് ആശ്വാസം പകരുന്ന സുപ്രധാന തീരുമാനങ്ങൾ സംസ്ഥാന ക്യാബിനറ്റ് കൈക്കൊണ്ടു. മന്ത്രി കെ രാജനാണ് വാർത്താസമ്മേളനത്തിലൂടെ വിശദാംശങ്ങൾ അറിയിച്ചത്. ദുരന്തത്തിൽ കടകൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനമായി. 52 ഉടമസ്ഥരുടെ 126 കടമുറികൾക്ക് നഷ്ടപരിഹാരം നൽകും. ഓരോ ഉടമയുടെയും ആദ്യത്തെ കടമുറിക്ക് 7 ലക്ഷം രൂപ വീതവും, തുടർന്നുവരുന്ന ഓരോ അധിക കടമുറിക്കും രണ്ടര ലക്ഷം രൂപ വീതവും നൽകും. എല്ലാ കടമുറികൾക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. സംരംഭകർക്കും നഷ്ടപരിഹാരം ലഭിക്കും. 72 ആളുകളുടെ ഉടമസ്ഥതയിലുള്ള 83 സംരംഭങ്ങൾക്ക് നഷ്ടത്തിന്റെ 50 ശതമാനം തുക സഹായമായി നൽകും. വ്യവസായ മേഖലയിലുള്ളവർക്ക് പരമാവധി 20 ലക്ഷം രൂപ വരെയും, സേവന മേഖലയിലുള്ളവർക്ക് 10 ലക്ഷം രൂപ വരെയും, വ്യാപാര മേഖലയിലുള്ളവർക്ക് 7 ലക്ഷം രൂപ വരെയും ധനസഹായം ലഭിക്കും. ദുരന്തബാധിതരുടെ കടങ്ങൾ സർക്കാർ ഏറ്റെടുക്കുന്നതിനായി 18 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. മൊറട്ടോറിയം പ്രഖ്യാപിച്ച കാലയളവിലെ പലിശ ഈടാക്കരുതെന്ന് ബാങ്കുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, വായ്പ തിരിച്ചടവ് മുടങ്ങിയത് ദുരന്തബാധിതരുടെ സിബിൽ സ്കോറിനെ (CIBIL Score) ബാധിക്കാതിരിക്കാനുള്ള നടപടികൾ ബാങ്ക് ഡയറക്ടർ ബോർഡുകൾ സ്വീകരിക്കുമെന്ന് സ്റ്റേറ്റ് ലെവൽ ബാങ്കിംഗ് കമ്മിറ്റി ഉറപ്പുനൽകിയതായും മന്ത്രി വ്യക്തമാക്കി. അതേസമയം സർക്കാർ നിർമിച്ചുനൽകുന്ന വീടുകളുടെ ആദ്യഘട്ട താക്കോൽ കൈമാറ്റം ഫെബ്രുവരി 25ന് നടക്കും. സർക്കാർ നൽകുന്ന ഭൂമി ആവശ്യമില്ലാത്തവർക്ക് വീട് നിർമ്മാണത്തിനായി ഇതിനോടകം 15 ലക്ഷം രൂപ നൽകിയിട്ടുണ്ട്. 



Post a Comment

Previous Post Next Post

AD01