നല്ല പ‍ഴുത്ത നേന്ത്രപ്പഴം ഉണ്ടോ? ‘നെയ്യട ഉണ്ടാക്കാം ഈസിയായി


നല്ല പ‍ഴുത്ത നേന്ത്രപ്പ‍ഴം ഉണ്ടെങ്കിൽ ഇനി ഈസിയായി നെയ്യട ഉണ്ടാക്കാം. കുറഞ്ഞ ചേരുവയിൽ എളുപ്പത്തിൽ ഉണ്ടാക്കാനാവുന്ന ഒരു സ്നാക്ക് റെസിപ്പിയാണിത്. കുട്ടികള്‍ക്കും മുതിർന്നവർക്കും ഈ ടേസ്റ്റി നെയ്യട ഇഷ്ടമാകുമെന്ന് ഉറപ്പ്. നെയ്യട എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

നന്നായി പഴുത്ത നേന്ത്രപ്പഴം – 2
മുട്ട – 4
നെയ്യ് – 1 ടേബിൾ സ്പൂൺ
പാൽ – 1 കപ്പ്
വെള്ളം – ആവശ്യത്തിന്
മൈദപ്പൊടി – 1 കപ്പ്
ഉപ്പ് – ആവശ്യത്തിന്
പഞ്ചസാര – ആവശ്യത്തിന്
ഏലക്കായ – 4
മഞ്ഞൾപ്പൊടി – നിറത്തിന് വേണ്ടി മാത്രം

തയ്യാറാക്കുന്ന വിധം

ആദ്യം നേന്ത്രപ്പഴം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കണം. ശേഷം ഒരു പാൻ ചൂടാക്കി അതിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് പഴം ചേർക്കുക. പഴം നന്നായി സോഫ്റ്റ് ആകുന്നത് വരെ വാട്ടിയെടുക്കണം. ശേഷം ഫ്ലെയിം ഓഫ് ചെയ്യുക. ഇനി ലെയറുകള്‍ തയ്യാറാക്കാം.

ഒന്നാം ലെയറിൽ മൈദ മിക്സ് ആണ്. ഇതിനായി മിക്സിയുടെ ജാറിൽ ഒരു കപ്പ് പാൽ, അര കപ്പ് വെള്ളം, ഒരു കപ്പ് മൈദ, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് കട്ടകളില്ലാതെ നന്നായി അടിച്ചെടുക്കുക.

രണ്ടാം ലെയർ മുട്ട മിക്സ്. മറ്റൊരു പാത്രത്തിൽ 4 മുട്ട, പഞ്ചസാര, ഏലക്കായ, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.

ലെയറുകള്‍ക്കുള്ള കൂട്ട് തയ്യാറായാൽ ഒരു നോൺ-സ്റ്റിക് പാൻ ചൂടാക്കി നെയ്യ് തടവുക. അതിലേക്ക് തയ്യാറാക്കി വെച്ച മൈദ മാവ് കുറച്ച് ഒഴിച്ച് പാൻ ചുറ്റിച്ച് നേർത്ത ലെയർ ഉണ്ടാക്കുക. ഇത് അടച്ചുവെച്ച് ഒരു മിനിറ്റ് വേവിക്കാം. മുകൾഭാഗം ഉണങ്ങി വരുമ്പോൾ അല്പം നെയ്യ് തടവി, അതിനു മുകളിൽ മുട്ടയുടെ മിക്സ് ഒഴിച്ച് ഒന്ന് ചുറ്റിച്ച ശേഷം, നേരത്തെ വാട്ടി വെച്ച പഴം കുറച്ച് വിതറിക്കൊടുക്കുക. ശേഷം അടച്ചുവെച്ച് ഒന്നര മിനിറ്റ് കൂടി വേവിക്കാം.

മൈദ മാവും മുട്ട മിക്സും പഴവും തീരുന്നത് വരെ ഇതേപോലെ ലെയറുകളായി ആവർത്തിക്കുക. ഓരോ മൈദ ലെയറിന് മുകളിലും നെയ്യ് തടവാൻ മറക്കരുത്. തീ ഏറ്റവും കുറച്ച് വെച്ച് വേണം പാചകം ചെയ്യേണ്ടത്. അവസാന ലെയറിന് മുകളിൽ ബാക്കിയുള്ള പഴം മുഴുവനായി ഇടാം. പാത്രത്തിന്റെ അടപ്പിലെ സുഷിരം ഫോയിൽ പേപ്പറോ മറ്റോ വെച്ച് അടച്ചതിനുശേഷം 10 മിനിറ്റ് കുറഞ്ഞ തീയിൽ വേവിച്ചാൽ നല്ല ടേസ്റ്റി നെയ്യട റെഡി. നന്നായി ചൂടാറിയ ശേഷം പാനിൽ നിന്ന് മാറ്റി കഷ്ണങ്ങളായി മുറിച്ച് ക‍ഴിക്കാം.



Post a Comment

Previous Post Next Post

AD01