ജിജിയെ തേടി ഇനി മകളുടെ വിളിയില്ല; വിഡിയോ കോളിനു പിന്നാലെ എത്തിയത് ദുരന്ത വാർത്ത.

 



തിരുവനന്തപുരം• അച്‌ഛൻ്റെ ആരോഗ്യവിവരങ്ങൾ തേടി ഇനി

പൊന്നുമകളുടെ വിളിയെത്തില്ല. കലിഫോർണിയയിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ആൻ മേരി മാത്യുവിൻ്റെ ഏറ്റവും വലിയ മനോവിഷമം പിതാവ് ജിജി മാത്യു നാട്ടിൽ ഒറ്റയ്ക്കാണെന്നതായിരുന്നു. മിക്ക ദിവസങ്ങളിലും ഫോണിൽ വിളിച്ച് അച്‌ഛൻ്റെ ആരോഗ്യ വിവരങ്ങൾ തിരക്കുമായിരുന്നു. കഴിഞ്ഞ ദിവസവും വിഡിയോ കോൾ ചെയ്തിരുന്നു. പിന്നാലെ ജിജി മാത്യുവിനെ തേടിയെത്തിയത് മകൾക്കുണ്ടായ ദാരുണാന്ത്യമാണ്.  ഉറ്റ സുഹൃത്തായിരുന്ന അനില, ആനിനെ കൊലപ്പെടുത്തിയെന്ന് വിശ്വസിക്കാൻ ജിജിക്കു ഇപ്പോഴും കഴിയുന്നില്ല. എന്താണു കാരണമെന്നു അറിയില്ല. 2018ൽ അപകടത്തിൽ ഭാര്യ നഷ്‌ടപ്പെട്ടതിന്റെ ദുഖത്തിൽ നീറിക്കഴിയുമ്പോഴാണ് എട്ടു വർഷങ്ങൾക്കു ശേഷം മകളും അകാലത്തിൽ വേർപെട്ടു പോയത്. കേശവദാസപുരം കക്കാട് ലെയ്നിലെ വീട്ടിലേക്ക് ഒഴുകിയെത്തുന്ന ഉറ്റവരുടെ സാന്ത്വന വാക്കുകൾക്കു നടുവിലും മകളുടെ ദുരോഗ്യം ഓർത്തു വിറങ്ങലിച്ചുനിൽക്കുകയാണ് ജിജി. ആനിൻ്റെ മൃതദേഹം രണ്ടാഴ്ച‌യ്ക്കുള്ളിൽ നാട്ടിലെത്തിക്കാനാകുമെന്നാണ് കരുതുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. യുഎസിലെ സ്‌കൂളിൽ കംപ്യൂട്ടർ അധ്യാപികയായിരുന്നു ആൻ. ആനിൻ്റെ വിയോഗ വാർത്തയറിഞ്ഞ് മസ്കത്തിലുള്ള ഇളയ സഹോദരി അബിനയും കേശവദാസപുരത്തെ വീട്ടിലെത്തിയിട്ടുണ്ട്.2018ൽ ജിജിയും ഭാര്യയും സ്‌കൂട്ടറിൽ പോകുമ്പോൾ കെഎസ്ആർടിസി ബസിടിച്ചുണ്ടായ അപകടത്തിലാണ് ഭാര്യ മരിച്ചത്. തുടർന്ന് മക്കളായിരുന്നു ജിജിയുടെ ആശ്വാസം. 4 വർഷം മുൻപാണ് ആൻ മേരി ജോലി തേടി യുഎസിലേക്കു പോയത്. ജിജിയുടെ 70-ാം പിറന്നാൾ ആഘോഷത്തിനായി ഈ വർഷം ജൂണിൽ ആൻ ഭർത്താവ് ജേക്കബിനും രണ്ട് മക്കൾക്കുമൊപ്പം നാട്ടിലെത്തിയിരുന്നു. സന്തോഷത്തോടെ യാത്ര പറഞ്ഞു പോയ പ്രിയപ്പെട്ടവളുടെ ചേതനയറ്റ ശരീരമേ ഇനി വീട്ടിലേക്ക് മടങ്ങുകയുള്ളുവെന്ന യാഥാർഥ്യം ഉൾക്കൊള്ളാവാകാതെ നെഞ്ചുലഞ്ഞിരിക്കുകയാണ് ജിജിയും അബിനയും.കഴിഞ്ഞ ദിവസമാണ് യുഎസിലെ കലിഫോർണിയയിലെ മിൽപീറ്റസിൽ ഒരേ അപ്പാർട്മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശി ആൻ മേരിയും (40) തൃശൂർ സ്വദേശി അഞ്ജന ഹരിയും (35) കൊല്ലപ്പെട്ടത്. അതേ അപ്പാർട്മെൻ്റിൽ താമസിക്കുന്ന ഇവരുടെ സുഹൃത്തായ കോട്ടയം മൂന്നിലവ് സ്വദേശിനി അനിലയെ (32) അറസ്‌റ്റ് ചെയ്‌തതായി മിൽപീറ്റസ് പൊലീസ് വ്യക്തമാക്കിയിരുന്നു. കൊലപാതകങ്ങളുടെ കാരണം അജ്‌ഞാതമായി തുടരുകയാണ്. അപ്പാർട്മെൻ്റിൻ്റെ പാർക്കിങ് സ്‌ഥലത്ത് അഞ്ജനയെ അനില കാറിടിപ്പിച്ചതിനു ദൃക്‌സാക്ഷികളുണ്ടെന്നു പൊലീസ് അറിയിച്ചു. ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു കിടക്കുന്ന നിലയിലായിരുന്നു ആനിന്റെ ശരീരം കാണപ്പെട്ടത്.



Post a Comment

0 Comments